മനാമ: ബഹ്റൈനിലെ അറേബ്യൻ ഗൾഫ് സർവകലാശാലയിൽ നിന്ന് 89 കുവൈത്തി വിദ്യാർഥികൾ ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി. കുവൈത്തിലെ യുവ ദേശീയ പ്രതിഭകളിൽ നടത്തുന്ന നിക്ഷേപം രാജ്യത്തിന്റെ ഭാവി നിർമ്മാണത്തിലെ പ്രധാന ഘടകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

വിദ്യാർഥികളുടെ വർഷങ്ങളായുള്ള പഠനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ബിരുദദാനമെന്ന് മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ബദർ അൽ ബുസൈരി പറഞ്ഞു. പുതിയ ബിരുദധാരികൾ തൊഴിൽവിപണിക്കും രാജ്യത്തിന്റെ സമഗ്ര വികസനത്തിനും വിലപ്പെട്ട സംഭാവന നൽകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുവൈത്തി വിദ്യാർഥികളുടെ സാഹചര്യങ്ങൾ മന്ത്രാലയം നിരീക്ഷിക്കുകയും അക്കാദമിക് ലക്ഷ്യങ്ങൾ നേടാൻ ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് നടന്നത്. 89 കുവൈത്തി മെഡിക്കൽ ബിരുദധാരികൾക്ക് പുറമെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഭരണവിഭാഗങ്ങൾ എന്നിവയിലെ ഹയർ ഡിപ്ലോമ, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ നിന്നായി 50 പേരും ബിരുദം നേടി.

മനാമയിലെ കുവൈത്ത് കൾച്ചറൽ ഓഫീസ് മേധാവി ഡോ. മുഹമ്മദ് അൽദുഗൈം വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തെ അഭിനന്ദിച്ചു. നേടിയ അറിവ് കുവൈത്തിന് സേവനം ചെയ്യാനും രാജ്യവികസനത്തിന് സംഭാവന നൽകാനും ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.