ലണ്ടൻ: ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിന് താഴേക്ക് ഇടിഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥകളിൽ വിലക്കയറ്റ സമ്മർദം കുറയുമെന്ന പ്രതീക്ഷയും വിപണിയിലെ ആശ്വാസത്തിന് കാരണമായി.
അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് നോർത്ത് സീ ക്രൂഡ് 4 ശതമാനം കുറഞ്ഞ് ബാരലിന് 79.87 ഡോളറിലെത്തി. മാർച്ച് ആരംഭത്തിന് ശേഷം ആദ്യമായാണ് ബ്രെന്റ് വില 80 ഡോളറിന് താഴെയാകുന്നത്. പിന്നീട് വില 80.52 ഡോളറിലേക്ക് ഭാഗികമായി തിരിച്ചുകയറി. യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 4.5 ശതമാനം ഇടിഞ്ഞ് 77.16 ഡോളറിലെത്തിയ ശേഷം 78 ഡോളറിനടുത്തേക്ക് ഉയർന്നു.
വാഷിങ്ടണും ടെഹ്റാനും വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ സമാധാന കരാറിൽ ഒപ്പുവെച്ചാൽ ഹോർമൂസ് കടലിടുക്ക് പൂർണമായി തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതോടെയാണ് വിപണിയിൽ ആശ്വാസം ശക്തമായത്. മൂന്ന് ഓയിൽ ടാങ്കറുകളും രണ്ട് ചരക്ക് കപ്പലുകളും ഇതിനകം കടലിടുക്ക് വഴി കടന്നുപോയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ വില ഇടിഞ്ഞെങ്കിലും വിപണി പൂർണമായി സാധാരണ നിലയിലായെന്ന് പറയാനാകില്ലെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. സംഘർഷം അവസാനിച്ചാലും വിതരണം സാധാരണ നിലയിലേക്ക് മടങ്ങാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യുദ്ധത്തിന് മുമ്പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവില ഇപ്പോഴും ഉയർന്ന പ്രീമിയത്തിലാണ് തുടരുന്നതെന്നും വിതരണ അനിശ്ചിതത്വം നിലനിൽക്കുന്നതായും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹോർമൂസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗതപാതകളിലൊന്നാണ്. യുഎസും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ടെഹ്റാൻ കടലിടുക്ക് തടഞ്ഞത് ആഗോള ഊർജവിപണിയിൽ വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു. അമേരിക്കൻ തന്ത്രപ്രധാന എണ്ണശേഖരം 1983ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞുവെന്ന യുഎസ് എനർജി ഡിപ്പാർട്ട്മെന്റ് കണക്കുകളും വിപണിയുടെ ശ്രദ്ധയിൽപ്പെട്ടു.
യുഎസ് ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയ കേന്ദ്ര ബാങ്കുകളുടെ ഈ ആഴ്ചയിലെ പലിശനിരക്ക് തീരുമാനങ്ങളും ആഗോള നിക്ഷേപകർ നിരീക്ഷിക്കുന്നുണ്ട്. എണ്ണവിലയിലെ ഇടിവ് തുടരുകയാണെങ്കിൽ വിലക്കയറ്റ പ്രതീക്ഷകളിലും കേന്ദ്ര ബാങ്ക് നയങ്ങളിലും അതിന്റെ സ്വാധീനം പ്രതിഫലിക്കാം.

