ബെയ്റൂത്ത്/ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമായി. തെക്കൻ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും ആക്രമണം തുടരുന്നത് മേഖലയിൽ ആശങ്ക വർധിപ്പിച്ചു.

ലബനാനിലെ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യു.എസ്–ഇറാൻ ഇടക്കാല ധാരണയുടെ ഭാഗമായ വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് കരാർ ലംഘനമാണെന്നുമാണ് ഇറാന്റെ നിലപാട്. ഇറാന്റെ Islamic Revolutionary Guard Corps കടലിടുക്കിലേക്ക് കപ്പലുകൾ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, ഹുർമുസ് വഴി കപ്പൽ ഗതാഗതം തുടരുന്നുവെന്നും ശനിയാഴ്ച 55 വ്യാപാരക്കപ്പലുകൾ കടലിടുക്ക് കടന്നുപോയെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ലബനാനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുതുക്കിയ വെടിനിർത്തൽ നിലവിൽ വന്നതായി യു.എസ് അറിയിച്ചിരുന്നു. എന്നാൽ, അതിന് പിന്നാലെയും ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. തെക്കൻ ലബനാനും ബെക്കാ താഴ്‌വരയും ഉൾപ്പെടെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയതായി ലബനാനിലെ National News Agency റിപ്പോർട്ട് ചെയ്തു.

നബാത്തിയെ ജില്ലയിലും ടയർ മേഖലയിലും ഉൾപ്പെടെ നിരവധി ഗ്രാമങ്ങൾ ആക്രമണത്തിന് ഇരയായി. ബാരിഷ് ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടതായും വെസ്റ്റേൺ ബെക്കയിലെ സോഹ്മോറിൽ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ നാലുപേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കഫർ റുമ്മാനിൽ നടന്ന ആക്രമണത്തിൽ ലബനാൻ സൈനികനും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണങ്ങളിൽ മാർച്ച് മുതൽ ലബനാനിൽ 4,057 പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഹിസ്ബുല്ലയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിനെതിരെ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് തിരിച്ചടി നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. അതേസമയം, ലബനാനിൽ ഇസ്രായേലിന് സ്വതന്ത്രമായി സൈനിക നീക്കം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുല്ല. വെടിനിർത്തൽ കരാറിൽ തങ്ങൾ പ്രതിബദ്ധരാണെന്നും, എന്നാൽ ഇസ്രായേലിനോ സൈന്യത്തിനോ നേരെയുള്ള ഭീഷണികൾക്കെതിരെ നടപടി തുടരുമെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്.

ലബനാനിലെ സംഘർഷം തുടരുന്നതിനിടെ യു.എസ്–ഇറാൻ സമാധാന ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്സർലൻഡിൽ എത്തുകയാണ്. ഇറാൻ സംഘം മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ നേതൃത്വത്തിലാണ് സ്വിറ്റ്സർലൻഡിലെത്തിയത്. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും സുരക്ഷ, സെൻട്രൽ ബാങ്ക്, എണ്ണ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് പുറപ്പെട്ടു.

ചർച്ചകളിൽ ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷ യു.എസ് വശം പ്രകടിപ്പിച്ചെങ്കിലും, ലബനാനിലെ പുതിയ ആക്രമണങ്ങൾ സമാധാന നീക്കങ്ങളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി. ലബനാനിലെ വെടിനിർത്തൽ, യു.എസ്–ഇറാൻ ഇടക്കാല ധാരണയിലെ പ്രധാന ഘടകങ്ങളിലൊന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ലബനാനിലെ ആക്രമണം അവസാനിപ്പിക്കാതെ ഹുർമുസ് കടലിടുക്കിലെ നിയന്ത്രണം പിൻവലിക്കില്ലെന്ന നിലപാട് ഇറാൻ ശക്തമാക്കുന്നത്.

ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിൽ ഒന്നായ ഹുർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ നീക്കം ആഗോള ഊർജ വിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ മുന്നോട്ട് പോകുമോ, ലബനാനിൽ ആക്രമണം അവസാനിക്കുമോ, ഹുർമുസ് കടലിടുക്കിലെ ഗതാഗതാവസ്ഥ സാധാരണ നിലയിലാകുമോ എന്നതിലാണ് ഇനി അന്താരാഷ്ട്ര ശ്രദ്ധ.