ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ്. നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ മോദി മൗനം പാലിച്ചുവെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.
അമേരിക്കക്കുമുന്നിൽ ഇന്ത്യ ഭയന്നുനിൽക്കുന്ന സാഹചര്യമാണ് കണ്ടതെന്ന് പവൻ ഖേര പറഞ്ഞു. ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരനും ലജ്ജിക്കേണ്ടി വരുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
ട്രംപിന് മുന്നിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസത്തോടെ ഇടപെട്ടില്ലെന്നായിരുന്നു പവൻ ഖേരയുടെ ആരോപണം. പേപ്പർ നോക്കി ‘എക്‌സലൻസി, എക്‌സലൻസി’ എന്ന് വിളിക്കുന്ന രീതിയിലായിരുന്നു മോദിയുടെ സമീപനമെന്നും, പരിഭാഷകൻ പോലും അത് ‘മിസ്റ്റർ പ്രസിഡന്റ്’ എന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
150 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന നേതാവിനെപ്പോലെയല്ല, ഒരു കമ്പനിയുടെ ഏജന്റ് ഉടമയോട് സംസാരിക്കുന്നതുപോലെയാണ് മോദി പെരുമാറിയതെന്ന് പവൻ ഖേര ആരോപിച്ചു. ഇത് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാവികരുടെ മരണത്തെക്കുറിച്ച് ചോദിക്കേണ്ടിടത്ത്, ട്രംപ് നടത്തിയ വ്യക്തിപരമായ പ്രശംസ കേട്ട് മോദി സന്തോഷിക്കുന്ന നിലയിലായിരുന്നു എന്നുമാണ് കോൺഗ്രസിന്റെ വിമർശനം. ആത്മവിശ്വാസത്തോടെ മറുപടി നൽകാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയിൽ നിന്നെങ്കിലും മോദി പഠിക്കണമെന്ന് പവൻ ഖേര പറഞ്ഞു.
അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ മോദി ട്രംപിനോട് നേരിട്ട് ചോദ്യം ഉന്നയിച്ചില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കൂടിക്കാഴ്ചയിൽ സമുദ്രസുരക്ഷയും ഇന്ത്യൻ നാവികരുടെ സുരക്ഷയും വിശാലമായി ചർച്ചയായതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും, മരണം നേരിട്ട് ഉന്നയിക്കാത്തതിലാണ് പ്രതിപക്ഷം വിമർശനം കേന്ദ്രീകരിച്ചത്.
രാജസ്ഥാനിലും ഹരിയാനയിലും പേപ്പർ നോക്കി മാത്രം സംസാരിക്കുന്ന മുഖ്യമന്ത്രിമാരെപ്പോലെ, ഇപ്പോൾ ‘എക്‌സലൻസി’ എന്ന് വിളിക്കാൻ പോലും പേപ്പർ നോക്കേണ്ടി വരുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളതെന്നും പവൻ ഖേര പരിഹസിച്ചു.

