ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ പോരുവഴി ഇടയ്ക്കാട് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴാംമൈലിലെ സ്വകാര്യ സ്കൂളിൽ നിന്ന് വെള്ളം കുടിച്ചതിന് പിന്നാലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കുട്ടിയുടെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
സ്കൂളിലെ വെള്ളം ഉപയോഗിച്ചതിന് ശേഷം നൂറിലേറെ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് കുട്ടികളിൽ നിന്നും സ്കൂളിലെ ജലസ്രോതസ്സുകളിൽ നിന്നുമായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. എന്നാൽ വളരെ കുറച്ച് കുട്ടികളിൽ നിന്നുമാത്രമാണ് ആദ്യഘട്ടത്തിൽ സാംപിളുകൾ ലഭിച്ചതെന്ന് വിവരമുണ്ട്.
സ്കൂളിലെ കുഴൽക്കിണറിന്റെ പമ്പ് സെറ്റ് തകരാറിലായതിനെ തുടർന്ന് ജൂൺ 3ന് ഉച്ചയ്ക്ക് പുറത്തെ ഏജൻസിയെ ഉപയോഗിച്ച് ടാങ്കിൽ വെള്ളം നിറച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച് വീടുകളിലെത്തിയ കുട്ടികളിൽ പലർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.
സ്കൂളിലെ കിണറിലും ടാങ്കിലും നിന്നെടുത്ത ജലസാംപിളുകളുടെ പരിശോധനയിൽ കോളിഫോം, E. coli ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. പ്രാഥമിക റിപ്പോർട്ടിൽ അസ്വാഭാവിക ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി സാംപിളുകൾ കൊല്ലത്തെ സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു.
പാറമടയിൽ നിന്നുള്ള വെള്ളം ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ടാങ്കുകളിൽ എത്തിച്ച് സ്കൂളിലെ കിണറ്റിൽ നിറച്ചതാണ് പ്രശ്നത്തിന് കാരണമെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം അധികൃതർ പരിശോധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഈ ആരോപണത്തിന്റെ യാഥാർഥ്യം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് പോരുവഴി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തര യോഗം ചേർന്നു. ചികിത്സ തേടിയ എല്ലാ കുട്ടികളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾക്ക് ക്വാറന്റീൻ നിർദേശിച്ചിട്ടുണ്ട്. ഇൻക്യുബേഷൻ കാലയളവ് പിന്നിട്ടതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
പഞ്ചായത്തിലെ മറ്റ് സ്കൂളുകളിലേക്കും ജലപരിശോധനയും ആരോഗ്യനിരീക്ഷണവും വ്യാപിപ്പിക്കും. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

