നാഗ്പുർ: കോക്രോച്ച് ജനതാ പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി നാഗ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് വിശദീകരിച്ചത്.

അവകാശങ്ങൾ ആവശ്യപ്പെടാൻ രാജ്യത്തെ ഓരോ പൗരനും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ദീപ്കെ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തുകയും ഭരണകൂടത്തിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്യുകയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

NEET-UG പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആശയവിനിമയം നടത്താത്തതിനെ ദീപ്കെ വിമർശിച്ചു. മേയ് 3ന് നിശ്ചയിച്ചിരുന്ന പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ അഞ്ച് മുതൽ ആറു വരെ വിദ്യാർഥികൾ ജീവനൊടുക്കിയെന്നാണ് ദീപ്കെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അവരുടെ മാതാപിതാക്കളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഭവങ്ങളിൽ പ്രധാനമന്ത്രി പ്രതികരിക്കുമ്പോഴും രാജ്യത്തെ വിദ്യാർഥികളുടെ മരണങ്ങളിൽ അനുശോചന സന്ദേശം പോലും ഉണ്ടായില്ലെന്ന് ദീപ്കെ ആരോപിച്ചു. വിദ്യാർഥികളുമായി സംസാരിച്ചാൽ പരീക്ഷാസംവിധാനവുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ കോക്രോച്ച് ജനതാ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധം അവസാനിക്കില്ലെന്നും ദീപ്കെ ആവർത്തിച്ചു. പരീക്ഷാ ക്രമക്കേടുകൾ, പേപ്പർ ചോർച്ച ആരോപണങ്ങൾ, യുവാക്കളുടെ വിദ്യാഭ്യാസ-തൊഴിൽ പ്രശ്നങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചാണ് സംഘടന പ്രതിഷേധ പരിപാടികൾ നടത്തുന്നത്.