ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയം അംഗീകരിച്ചു. 30 ലക്ഷം രൂപ വരെ വിലയുള്ള ഇ-കാറുകൾക്ക് നികുതി ഇളവ് നൽകാനാണ് തീരുമാനം.

വായു മലിനീകരണം കുറയ്ക്കുക, ശുദ്ധ ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുക എന്നിവയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. മന്ത്രിസഭാ യോഗത്തിലാണ് ഇലക്ട്രിക് വെഹിക്കിൾ നയം അംഗീകരിച്ചത്.

പുതിയ നയം പ്രകാരം 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് റോഡ് നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും ഒഴിവാക്കൽ ലഭിക്കും. ഇതിലൂടെ സാധാരണ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാകും.

2027 ജനുവരി 1 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ. 2028 ഏപ്രിൽ 1 മുതൽ പുതിയ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടംഘട്ടമായി നിർത്തലാക്കി ഇലക്ട്രിക് മോഡലുകളുടെ ഉപയോഗം വർധിപ്പിക്കാനുമാണ് നയത്തിൽ നിർദേശം.