ബെംഗളൂരു: സഹകരണ ബാങ്കുകൾ വഴി നൽകുന്ന പലിശരഹിത കാർഷിക വായ്പകൾ അർഹരായ കർഷകരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാനും പദ്ധതിയുടെ ദുരുപയോഗം തടയാനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിധാനസൗധയിൽ വിവിധ കാർഷിക-സഹകരണ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ബാങ്കുകൾ വഴി അഞ്ച് ലക്ഷം രൂപവരെ ലഭിക്കുന്ന പലിശരഹിത വായ്പകൾ മറ്റ് ആവശ്യങ്ങൾക്ക് വഴിമാറുന്നുവെന്ന പരാതികളിൽ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. വായ്പ വിതരണം, ഉപയോഗം, തിരിച്ചടവ് എന്നിവ നിരീക്ഷിക്കാൻ വ്യക്തമായ സംവിധാനം വേണമെന്നും അർഹരായ ഒരു കർഷകനും ആനുകൂല്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷി, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫിഷറീസ്, കാർഷിക വിപണനം, സഹകരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. വിത്തും വളവും ആവശ്യത്തിന് ലഭ്യമാക്കുന്നതിനൊപ്പം വരൾച്ചയ്ക്കും അതിവർഷത്തിനും ഒരുപോലെ തയ്യാറെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കാലാവസ്ഥ, വിളപരിപാലനം, രോഗ-കീട നിയന്ത്രണം, സർക്കാർ പദ്ധതികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് സമയബന്ധിതമായി നൽകണം. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ കൃഷിയിൽ കൂടുതൽ പ്രയോജനപ്പെടുത്തി ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കീടനാശിനി തളിക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കർഷകർക്ക് യന്ത്രോപകരണ സഹായം നൽകണം. താലൂക്ക്, ഹോബ്ലി തലങ്ങളിലെ ഒഴിവുകൾ വേഗത്തിൽ നികത്തി കർഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന സംവിധാനങ്ങൾ ശക്തമാക്കണമെന്നും നിർദേശിച്ചു.

പ്രകൃതിക്ഷോഭങ്ങൾ കൃഷിപ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ മുൻകരുതൽ പദ്ധതികൾ രൂപപ്പെടുത്തണം. മറ്റ് സംസ്ഥാനങ്ങളിൽ വിജയിച്ച കാർഷിക മാതൃകകൾ പഠിച്ച് കർണാടകയുടെ സാഹചര്യത്തിന് അനുയോജ്യമായി നടപ്പാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കാർഷിക കുളങ്ങളിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, കുളങ്ങൾക്ക് സംരക്ഷണവേലി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. ഇതിനായി കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സാധ്യത പരിശോധിക്കാനും നിർദേശിച്ചു.

കോൾഡ് സ്റ്റോറേജുകൾ, ഗോഡൗണുകൾ, കാർഷിക സബ്സിഡികൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. സബ്സിഡികൾ കർഷകർക്ക് യഥാർത്ഥ പ്രയോജനം ചെയ്യുന്നുണ്ടോ എന്നതും വകുപ്പുകൾ വിലയിരുത്തണം.

കർണാടക സ്റ്റേറ്റ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് പ്രോസസിങ് ആൻഡ് എക്സ്പോർട്ട് കോർപ്പറേഷൻ മുഖേന കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി എത്രത്തോളം വർധിച്ചുവെന്ന് പരിശോധിച്ച് കൂടുതൽ കയറ്റുമതിക്കായി പ്രവർത്തനപഥം തയ്യാറാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാർഷിക ഉൽപ്പന്ന വിപണി സമിതികളുടെ ഭൂമി സംരക്ഷിക്കാനും വിപണികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സഹകരണ വകുപ്പിന് നിർദേശം നൽകി. കൃഷിയിൽ സാങ്കേതിക നവീകരണവും സാമ്പത്തിക സഹായത്തിലെ സുതാര്യതയും ഒരുമിച്ച് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ശിവകുമാർ വ്യക്തമാക്കി.