ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിയമപദവി, സംഘടനാ ഘടന, ധനസ്രോതസ്സുകൾ, വരവ്-ചെലവ് കണക്കുകൾ, ആസ്തികൾ, നികുതി പാലനം എന്നിവ പൊതുജനങ്ങൾക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കത്തയച്ചു.
ജൂൺ 13ന് അയച്ച കത്തിൽ, ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെയാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെങ്കിൽ അതിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്നും സംഘടനയുടെ അംഗീകൃത ഭാരവാഹികൾ വിശദീകരണം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. സംഭാവനകളും മറ്റ് വരുമാനങ്ങളും ലഭിക്കുന്ന ഉറവിടങ്ങൾ, ചെലവുകൾ, സ്വത്തുവകകൾ, ബാധകമായ നികുതികൾ അടയ്ക്കുന്നുണ്ടോ എന്ന വിവരം, പൊതുപരിപാടികൾ നടത്തുന്നതിനുള്ള അനുമതികൾ എന്നിവയും വെളിപ്പെടുത്തണമെന്നാണ് ആവശ്യം.
രാജ്യത്താകെ 60,000ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിനും പൊതുസുതാര്യതയ്ക്കും വിധേയമാകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, കമ്പനികൾ, മതസ്ഥാപനങ്ങൾ, തൊഴിലാളി സംഘടനകൾ എന്നിവയ്ക്ക് ബാധകമായ വെളിപ്പെടുത്തൽ മാനദണ്ഡങ്ങളിൽ നിന്ന് വലിയൊരു സംഘടനയെ ഒഴിവാക്കാനാകില്ലെന്ന നിലപാടും അദ്ദേഹം രേഖപ്പെടുത്തി.
ആർ.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ പുറത്തിറക്കിയ 2025-26ലെ കർണാടക റിപ്പോർട്ടിലെ കണക്കുകളും കത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 4,127 പ്രതിദിന ശാഖകളും 1,389 പ്രതിവാര മിലനുകളും 60 പ്രതിമാസ മണ്ഡലികളും പ്രവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2,194 സാമൂഹിക പരിപാടികളിൽ 19.6 ലക്ഷത്തിലധികം പേർ പങ്കെടുത്തതായും 562 റൂട്ട് മാർച്ചുകളിൽ 2.2 ലക്ഷത്തിലധികം യൂണിഫോം ധരിച്ച പ്രവർത്തകർ പങ്കെടുത്തതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ രജിസ്ട്രേഷൻ, സാമ്പത്തിക വെളിപ്പെടുത്തൽ, നികുതി ബാധ്യത, നിയമാനുസൃത പ്രവർത്തനം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ സുതാര്യമാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. സംഘടന എത്ര പഴക്കമുള്ളതോ സ്വാധീനമുള്ളതോ ആയാലും പൊതുപരിശോധനയ്ക്ക് അതീതമാകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആർ.എസ്.എസ് ഒരു സൊസൈറ്റിയോ ട്രസ്റ്റോ കമ്പനിയോ അല്ലെന്നും വ്യക്തികളുടെ കൂട്ടായ്മയായാണ് പ്രവർത്തിക്കുന്നതെന്നും രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന പ്രത്യേക നിയമമില്ലെന്നുമാണ് സംഘടനാ നേതൃത്വത്തിന്റെ മുൻകാല നിലപാട്. നിയമപരമായ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തനമെന്നും നികുതി വകുപ്പും കോടതികളും വിഷയങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ആർ.എസ്.എസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

