ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളിലെ വിഭജനങ്ങളും എംപിമാരുടെ കൂറുമാറ്റങ്ങളും രാജ്യത്തെ രാഷ്ട്രീയ ജനാധിപത്യത്തിന് അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ്. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നേതാക്കളെ പിരിച്ചെടുക്കുകയും പിന്നീട് ബിജെപിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ബിജെപിയുടെ രാഷ്ട്രീയ സ്വഭാവത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്തിടെ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ പാർട്ടിയിലും വലിയ കൂറുമാറ്റം നടന്നിരുന്നു. പത്ത് രാജ്യസഭാ എംപിമാരിൽ ഏഴ് പേർ ബിജെപിയുമായി ലയിക്കാനുള്ള നീക്കത്തിൽ പങ്കെടുത്തതിനെതിരെ താൻ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് രണ്ട് കത്തുകൾ നൽകിയിട്ടുണ്ടെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. മറുപടി ലഭിക്കാത്ത പക്ഷം നിയമപരമായ പോരാട്ടത്തിലേക്കും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ആദ്യം ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലും കോൺഗ്രസിനെ ലക്ഷ്യമാക്കി ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതും തുടർന്ന് കർണാടക, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന നീക്കങ്ങൾ കണ്ടതുമാണ് ഇപ്പോഴത്തെ ചർച്ചയെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് മറ്റ് പാർട്ടികളുടെ നേതാക്കളെ സമ്മർദത്തിലാക്കുകയും പിന്നീട് അവരെ ബിജെപിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് തന്ത്രമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ബിജെപിക്ക് മുന്നിൽ പ്രധാന വെല്ലുവിളി പ്രാദേശിക പാർട്ടികളാണെന്നും അവരെ തകർത്താൽ കോൺഗ്രസ് മാത്രമേ ദേശീയതലത്തിൽ പ്രധാന എതിരാളിയായി ബാക്കിയാകൂവെന്നും സിംഗ് വിലയിരുത്തി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’യും മണ്ഡല പുനർനിർണയവും പോലുള്ള നീക്കങ്ങൾ പരിമിത വിഭവങ്ങളുള്ള പ്രാദേശിക പാർട്ടികൾക്ക് ദേശീയതലത്തിൽ മത്സരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.
ആം ആദ്മി പാർട്ടിയിലെ കൂറുമാറ്റം സംഘടനയെയോ പ്രവർത്തകരെയോ തകർത്തിട്ടില്ലെന്നും പഞ്ചാബിലെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിക്ക് തിരിച്ചടിയല്ല, മറിച്ച് നേട്ടമാണെന്നും സിംഗ് പറഞ്ഞു. ഡൽഹിയിലുള്ളവർ തങ്ങളുടെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ബോധം പഞ്ചാബിലെ ജനങ്ങളിൽ ശക്തമാണെന്നും അത് ബിജെപിക്ക് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ മുന്നണിയിൽ ആം ആദ്മി പാർട്ടി ഭാഗമല്ലെങ്കിലും, പ്രതിപക്ഷ പാർട്ടികളിലെ കൂറുമാറ്റങ്ങൾ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രധാന വിഷയമാകുമെന്ന് സിംഗ് പറഞ്ഞു. ഒരു പാർട്ടിയുടെ ചിഹ്നത്തിലും നേതാവിന്റെ പേരിലും ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ പിന്നീട് ആ പാർട്ടിയെ വഞ്ചിക്കുന്നത് വോട്ടർമാരോടുള്ള വലിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറ്റ വിരുദ്ധ നിയമത്തിലെ പത്താം ഷെഡ്യൂൾ വ്യക്തമായിട്ടുണ്ടെങ്കിലും അതിന്റെ വ്യാഖ്യാനമാണ് പലപ്പോഴും തെറ്റായി ഉപയോഗിക്കുന്നതെന്ന് സിംഗ് ആരോപിച്ചു. പാർട്ടി ലയനവും നിയമസഭാ/പാർലമെന്ററി പാർട്ടി ലയനവും എന്നീ രണ്ട് നിബന്ധനകളും പാലിക്കണമെന്നാണ് നിയമത്തിന്റെ ആത്മാവ്. എന്നാൽ ചിലർ നിയമത്തിലെ വിടവുകൾ ഉപയോഗിച്ച് അംഗത്വം നിലനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ശേഷം അഞ്ച് വർഷത്തിനകം മറ്റൊരു പാർട്ടിയിലേക്ക് മാറുന്നവരുടെ അംഗത്വം തുടർന്നുകൊണ്ടുപോകാൻ പാടില്ലെന്ന പ്രത്യേക നിയമം വേണമെന്നും സിംഗ് ആവശ്യപ്പെട്ടു. ഏത് പാർട്ടിയിൽ നിന്നാണോ ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടത്, ആ പാർട്ടി മാറുകയാണെങ്കിൽ ജനങ്ങളുടെ വിധി പുതുതായി തേടണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
തൃണമൂൽ കോൺഗ്രസിലെ കൂറുമാറ്റചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോൾ സിംഗ് കടുത്ത പരിഹാസവുമായി രംഗത്തെത്തി. മുമ്പ് ബിജെപിയെ വിമർശിച്ചിരുന്ന തൃണമൂൽ എംപിമാരും ഇപ്പോൾ ബിജെപിക്ക് സ്വീകര്യരായിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, “ഇനി ദാവൂദ് ഇബ്രാഹിം മാത്രമേ ബിജെപിയിൽ ചേരാനുളളൂ” എന്നായിരുന്നു പ്രതികരണം. ഈ പരാമർശം പ്രതിപക്ഷ രാഷ്ട്രീയത്തിലെ കൂറുമാറ്റചർച്ചകളെ കൂടുതൽ രൂക്ഷമാക്കി.

