ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വം, സ്ഥിരതാമസം, മേൽവിലാസം, ജനനത്തീയതി എന്നിവയുടെ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്നും തിരിച്ചറിയൽ രേഖയായി മാത്രം പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. സമാനമായ മറ്റു ഹരജികൾക്കൊപ്പം ഈ ഹരജിയും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അഡ്വക്കറ്റ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിലാണ് നടപടി. പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷകളിൽ പ്രായവും താമസവിലാസവും തെളിയിക്കാൻ ആധാർ ഉപയോഗിക്കുന്നത് ഭരണഘടനാ വ്യവസ്ഥകൾക്കും ആധാർ നിയമത്തിനും വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പ് കമ്മീഷനും ആധാർ തിരിച്ചറിയൽ രേഖയായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു.
2016ലെ ആധാർ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം ആധാർ പൗരത്വത്തിന്റെയോ സ്ഥിരതാമസത്തിന്റെയോ തെളിവല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റ് 22ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിലും ആധാർ തിരിച്ചറിയൽ രേഖ മാത്രമാണെന്നും പൗരത്വം, മേൽവിലാസം, ജനനത്തീയതി എന്നിവയുടെ തെളിവല്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹരജിക്കാരൻ പറഞ്ഞു.
എന്നാൽ സ്കൂൾ പ്രവേശനം, വസ്തു വാങ്ങൽ, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ നേടുന്നതിനും പുതിയ വോട്ടർ രജിസ്ട്രേഷനുള്ള ഫോം-6ൽ പ്രായവും താമസവിലാസവും തെളിയിക്കുന്നതിനും ആധാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഹരജിയിലെ ആരോപണം. ഇതുവഴി നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും വിവിധ രേഖകൾ നേടുകയും മതിയായ രേഖകളില്ലാതെ തെരഞ്ഞെടുപ്പ് ഡാറ്റാബേസിൽ ഉൾപ്പെടുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഹരജിയിൽ പറയുന്നു.
ഫോം-6 പ്രകാരമുള്ള നിലവിലെ പരിശോധനാ സംവിധാനം അപര്യാപ്തമാണെന്നും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ സംവിധാനം സമഗ്രമായി പരിഷ്കരിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീംകോടതി ജഡ്ജി, സൈബർ സുരക്ഷാ വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ഉന്നതാധികാര നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി ലഭിച്ചശേഷം സുപ്രീംകോടതി കേസിൽ തുടർവാദം കേൾക്കും.

