ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, സംസ്ഥാന എംഎൽഎമാർക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നിയമസഭയുടെ നടപടിക്രമങ്ങൾ, സഭയിൽ അംഗങ്ങളുടെ പങ്ക്, വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് എംഎൽഎമാർക്ക് പ്രായോഗിക ബോധവൽക്കരണം നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
മുൻ അസംബ്ലി സെക്രട്ടറിമാരും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുമാണ് പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. പുതിയ അംഗങ്ങൾക്കൊപ്പം നിയമനിർമാണ നടപടികളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ ആഗ്രഹിക്കുന്ന മറ്റ് അംഗങ്ങൾക്കും പരിപാടി പ്രയോജനകരമാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നിയമസഭാ പ്രവർത്തനം കൂടുതൽ സുസംഘടിതമാക്കുന്നതിനും ഭരണ-നിയമനിർമാണ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിശീലന ക്യാമ്പ് നടത്തുന്നത്. ഉദ്ഘാടനം ചടങ്ങിൽ മന്ത്രിമാരും നിയമസഭാ ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

