തിരാന: കൃഷി, ഭക്ഷ്യസുരക്ഷ, നവീകരണം എന്നിവയിൽ പുതിയ ധാരണാപത്രം ഒപ്പുവെച്ചതോടെ അൽബേനിയയും ഇസ്രയേലും തമ്മിലുള്ള വർധിച്ചുവരുന്ന തന്ത്രപരമായ ബന്ധം വീണ്ടും ശ്രദ്ധയിൽ. കാർഷിക സാങ്കേതികവിദ്യയും ശാസ്ത്രീയ അറിവും ഉപയോഗിച്ച് അൽബേനിയയുടെ കൃഷിമേഖല നവീകരിക്കുകയാണ് കരാറിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇരുരാജ്യങ്ങളുടെയും ബന്ധം കൃഷിയിലൊതുങ്ങുന്നതല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധം, സൈബർ സുരക്ഷ, വിനോദസഞ്ചാരം, ആരോഗ്യം, നിക്ഷേപം, സാമ്പത്തിക വികസനം എന്നിവയിൽ ഇരുരാജ്യങ്ങളും ഇതിനകം സഹകരിക്കുന്നു. സമീപകാല പ്രതിരോധ-സുരക്ഷാ കരാറുകൾ ബന്ധത്തെ സാധാരണ വാണിജ്യ ഇടപാടുകളിൽനിന്ന് തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് മാറ്റിയെന്നാണ് വിലയിരുത്തൽ.

അൽബേനിയ 1949ൽ ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും പൂർണ നയതന്ത്രബന്ധം 1991ലാണ് സ്ഥാപിച്ചത്. 1998ൽ അൽബേനിയ ടെൽ അവീവിൽ എംബസി തുറന്നു; 2012ൽ ഇസ്രയേൽ തിരാനയിൽ എംബസി സ്ഥാപിച്ചു. പിന്നീട് ഉന്നതതല സന്ദർശനങ്ങളും വിവിധ മേഖലകളിലെ കരാറുകളും ബന്ധം ശക്തമാക്കി.

2023ൽ ഗസ്സ യുദ്ധം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് ഇരുരാജ്യങ്ങളും സൈനിക-പ്രതിരോധ സഹകരണത്തിനുള്ള ആദ്യ സമഗ്ര ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയുക്ത സൈനിക, പ്രതിരോധ വ്യവസായ സഹകരണം, പുതിയ പ്രതിരോധ ശേഷികളുടെ വികസനം, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയ്ക്ക് ചട്ടക്കൂടൊരുക്കുന്നതായിരുന്നു കരാർ. അതേ വർഷം സൈബർ സുരക്ഷാ ധാരണയും ഒപ്പുവെച്ചു.

2025ൽ ഇസ്രയേലി പ്രതിരോധ കമ്പനി എൽബിറ്റ് സിസ്റ്റംസ് അൽബേനിയയ്ക്ക് പീരങ്കി സംവിധാനങ്ങളും ഡ്രോണുകളും നൽകാനും രാജ്യത്തിനുള്ളിൽ ഉൽപ്പാദനകേന്ദ്രം സ്ഥാപിക്കാനും കരാർ നേടി. ഗസ്സ യുദ്ധത്തിൽ ഇസ്രയേലി സൈന്യത്തിന് ഉപകരണങ്ങൾ നൽകുന്ന കമ്പനിയായതിനാൽ എൽബിറ്റിനെതിരെ വിവിധ രാജ്യങ്ങളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.

2023നുശേഷം ഗസ്സ വിഷയത്തിൽ ഇസ്രയേലിനെ വിമർശിക്കുന്ന ചില യുഎൻ പ്രമേയങ്ങളിൽ അൽബേനിയ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രി എഡി റാമ ഇസ്രയേലിനോടുള്ള ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ജനുവരിയിൽ ക്നെസറ്റിനെ അഭിസംബോധന ചെയ്ത് നെതന്യാഹുവിനെ പ്രശംസിക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൽബേനിയയുടെ ഈ നിലപാട് ഇസ്രയേലിന് പ്രത്യേക നയതന്ത്ര പ്രതീകാത്മകത നൽകുന്നു.

അമേരിക്കയുടെ അടുത്ത സഖ്യരാജ്യമായ ഇസ്രയേലുമായുള്ള ബന്ധം അൽബേനിയയുടെ പാശ്ചാത്യ അനുകൂല പ്രതിഛായ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. നാറ്റോ അംഗവും യൂറോപ്യൻ യൂണിയൻ അംഗത്വ സ്ഥാനാർഥിയുമായ അൽബേനിയ വിദേശ നിക്ഷേപവും വാഷിങ്ടണിന്റെ രാഷ്ട്രീയ പിന്തുണയും ആകർഷിക്കാൻ ശ്രമിക്കുകയാണ്.

അതേസമയം വിദേശ നിക്ഷേപങ്ങൾക്ക് പൊതുസമ്പത്തുകളും തന്ത്രപ്രധാന ഭൂമികളും തുറന്നുകൊടുക്കുന്നതിനെതിരെ അൽബേനിയയിൽ വിമർശനം ശക്തമാണ്. ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നർ പിന്തുണയ്ക്കുന്ന സസാൻ ദ്വീപിലെ ആഡംബര റിസോർട്ട് പദ്ധതിയാണ് പ്രതിഷേധത്തിന്റെ കേന്ദ്രം. പരിസ്ഥിതി പ്രാധാന്യമുള്ള, പക്ഷി കുടിയേറ്റ മേഖലകളുള്ള മുൻ സൈനിക ദ്വീപിൽ പദ്ധതി അനുവദിച്ചതിനെതിരെ ‘ഫ്ലമിംഗോ വിപ്ലവം’ എന്ന പേരിൽ പ്രതിഷേധങ്ങൾ നടന്നു.

കുഷ്നർ പദ്ധതിയും ഇസ്രയേൽ സഹകരണവും ഒരേ വിഷയം അല്ലെങ്കിലും, രാഷ്ട്രീയബന്ധമുള്ള വിദേശ നിക്ഷേപകർക്ക് പൊതുവിഭവങ്ങൾ കൈമാറുന്ന വികസന മാതൃകയുടെ ഭാഗമായാണ് വിമർശകർ രണ്ടിനെയും കാണുന്നത്. വിദേശ മൂലധനത്തിനും രാഷ്ട്രീയ എലിറ്റുകൾക്കും മുൻഗണന നൽകി പ്രാദേശിക സമൂഹങ്ങളെയും പരിസ്ഥിതിയെയും അവഗണിക്കുന്നുവെന്നാണ് ആരോപണം.

അന്താരാഷ്ട്ര വിമർശനം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ പങ്കാളികളെ കണ്ടെത്താൻ ശ്രമിക്കുന്ന ഇസ്രയേലിനും അൽബേനിയ പ്രധാനമാണ്. മുസ്ലിം ഭൂരിപക്ഷം, നാറ്റോ അംഗത്വം, യൂറോപ്യൻ യൂണിയൻ സ്ഥാനാർഥിത്വം, ശക്തമായ പാശ്ചാത്യ അനുകൂലത എന്നിവ ചേർന്നതാണ് അൽബേനിയയുടെ പ്രത്യേകത. പരമ്പരാഗത സഖ്യങ്ങൾക്ക് പുറത്തും ബന്ധങ്ങൾ വികസിപ്പിക്കുന്നുവെന്ന് കാണിക്കാൻ ഇസ്രയേലിന് ഈ പങ്കാളിത്തം സഹായിക്കുന്നു.

എന്നാൽ ഇസ്രയേലുമായുള്ള ബന്ധം യൂറോപ്യൻ യൂണിയൻ പ്രവേശനത്തിന് പകരമാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സുതാര്യത, അഴിമതി നിയന്ത്രണം, പരിസ്ഥിതി നിയമങ്ങൾ, ജനാധിപത്യ ഉത്തരവാദിത്തം എന്നിവയിൽ യഥാർഥ പുരോഗതി വേണമെന്നാണ് യൂറോപ്യൻ കമ്മീഷന്റെ നിലപാട്. കുഷ്നർ റിസോർട്ട് പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാതങ്ങൾ പരിഹരിക്കാത്തത് അൽബേനിയയുടെ യൂറോപ്യൻ ലക്ഷ്യത്തിന് തന്നെ പുതിയ വെല്ലുവിളിയാകാം.

കാർഷിക കരാർ പുതിയ തുടക്കമല്ല; വർഷങ്ങളായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിരോധ, സൈബർ, നിക്ഷേപ, വിദേശനയ സഖ്യത്തിന്റെ പുതിയ ഘട്ടമാണ്. ഈ ബന്ധം അൽബേനിയയുടെ സാമ്പത്തിക നവീകരണത്തിന് അവസരമാകുമോ, അതോ സുതാര്യതയും പൊതുസമ്പത്ത് സംരക്ഷണവും സംബന്ധിച്ച വിമർശനം കൂടുതൽ ശക്തമാക്കുമോ എന്നതാണ് ഇനി നിർണായകം.