തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യം പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നു. സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവും രണ്ട് അധികാരകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുവെന്നും നിലവിലെ ഘടന പാർട്ടിക്ക് പ്രയോജനകരമല്ലെന്നും യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രവർത്തനശൈലിയെയും പൊതുപ്രസ്താവനകളെയും കുറിച്ചും കടുത്ത വിമർശനം ഉയർന്നു. പദവിക്ക് ചേരുന്ന പക്വതയില്ലാത്ത പ്രതികരണങ്ങൾ പാർട്ടിയെ പല ഘട്ടങ്ങളിലും പ്രതിരോധത്തിലാക്കിയെന്നാണ് ചില അംഗങ്ങളുടെ വിലയിരുത്തൽ.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലും സംസ്ഥാന സെക്രട്ടേറിയറ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി യോഗത്തിൽ അഭിപ്രായമുയർന്നു. ജനവികാരവും പ്രാദേശിക ഘടകങ്ങളുടെ നിർദേശങ്ങളും വേണ്ടവിധം പരിഗണിക്കാതെ സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർഥിത്വം പങ്കിട്ടെടുത്തുവെന്ന ആരോപണവും ഉയർന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന് സിപിഎമ്മിനൊപ്പം സിപിഐക്കും ഉത്തരവാദിത്തമുണ്ടെന്നും ഭരണവിരുദ്ധ വികാരം സിപിഐ മന്ത്രിമാർക്കെതിരെയും ഉണ്ടായിരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംഘടനാപരമായ തിരുത്തലുകളും നേതൃത്വതലത്തിലെ മാറ്റങ്ങളും അനിവാര്യമാണെന്ന നിലപാടാണ് യോഗത്തിൽ ശക്തമായത്.

പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷമാണ് 11 അംഗ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. ഈ ഘടകം തുടരേണ്ടതില്ലെന്നും അടിയന്തരമായി പിരിച്ചുവിടണമെന്നും കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന കൗൺസിൽ ചർച്ചകൾ തുടരുന്നതിനാൽ പാർട്ടി നേതൃത്വം സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ശ്രദ്ധ.