കോഴിക്കോട്: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ തിരുവള്ളൂർ സ്വദേശിയാണ്. കേസിലെ ആദ്യ അറസ്റ്റാണിത്.
വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ജിതിൻ അഡ്മിനായിരുന്ന വടകര സ്‌ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അത് റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പ്രചരിപ്പിച്ചുവെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളും ഫോണുകളുടെ ഫൊറൻസിക് പരിശോധനയും അടിസ്ഥാനമാക്കിയാണ് ജിതിനിലേക്കെത്തിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകരടക്കം നിരവധി പേരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ജിതിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌ക്രീൻഷോട്ടിന്റെ യഥാർഥ നിർമാണവും പ്രചരിപ്പിക്കലിന് പിന്നിലെ ഗൂഢാലോചനയും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
2024ലെ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് വ്യാജ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി എംഎസ്എഫ് പ്രവർത്തകൻ പി.കെ. മുഹമ്മദ് കാസിം അയച്ച സന്ദേശമെന്ന രീതിയിലായിരുന്നു അത് പ്രചരിപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജയെ ലക്ഷ്യമിട്ട മതപരമായ പരാമർശം ഉൾപ്പെട്ടതായും ആരോപിക്കപ്പെട്ടിരുന്നു.
ആദ്യഘട്ടത്തിൽ മുഹമ്മദ് കാസിമിനെ പ്രതിയാക്കിയാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. പിന്നീട് ഹൈക്കോടതി ഇടപെടലിനെത്തുടർന്നുള്ള അന്വേഷണത്തിൽ സ്‌ക്രീൻഷോട്ട് ഇടത് സൈബർ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതായി കണ്ടെത്തി. പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷമാണ് കേസ് വീണ്ടും സജീവമായത്. കൂടുതൽ പേരുടെ പങ്ക് പരിശോധിക്കുമെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

