തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കി പുതുക്കിയ പട്ടിക തയ്യാറാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്.
പരീക്ഷയിൽ ചില ഉദ്യോഗാർത്ഥികളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ വിട്ടതായാണ് പരാതി. ചിലരുടെ ഉത്തരക്കടലാസിൽ പത്ത് ഉത്തരങ്ങൾ വരെ മാർക്കിടാതെ പോയതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചപ്പോഴാണ് ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടത്.
ആലപ്പുഴ മുഹമ്മ സ്വദേശിയായ ഒരുദ്യോഗാർത്ഥിയുടെ ഒന്നാം പേപ്പറിൽ ഒന്ന് മുതൽ പതിനെട്ട് വരെയുള്ള ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്തിട്ടില്ലെന്ന പരാതിയാണ് വിഷയത്തെ കൂടുതൽ ഗൗരവത്തിലാക്കിയത്. ആകെയുള്ള മാർക്കിൽ വലിയൊരു ഭാഗവുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ ഒഴിവായതോടെ അദ്ദേഹം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.
2022ലാണ് തസ്തികയ്ക്ക് വിജ്ഞാപനം വന്നത്. 2023 ജൂലായിൽ വിവരണാത്മക രീതിയിലുള്ള പരീക്ഷ നടന്നു. 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും അഭിമുഖത്തിന് ശേഷം മേയ് 31ന് റാങ്ക് പട്ടിക പുറത്തുവിടുകയും ചെയ്തിരുന്നു. ഒരു ഒഴിവിലേക്കായിരുന്നു നിയമനം. ജൂൺ 23ന് ഒന്നാം റാങ്കുകാരന് നിയമന ഉത്തരവും അയച്ചിരുന്നു.
മൂല്യനിർണയത്തിൽ പിഴവ് സംഭവിച്ച സാഹചര്യത്തിൽ ഉത്തരങ്ങൾ വീണ്ടും പരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. വിഷയത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കും.
