കൊച്ചി: എറണാകുളം വൈപ്പിനിൽ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്ലൂ ഷിപ്പ് യാർഡിൽ പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്.

കപ്പലിന്റെ എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിവരം അധികൃതരെ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി കപ്പലിന്റെ മുകൾത്തട്ടിൽ ജോലി നടക്കാതിരുന്ന സമയത്താണ് തീ പടർന്നതെന്നാണ് റിപ്പോർട്ടുകൾ.

നിമിഷങ്ങൾക്കകം തീ കപ്പലിന്റെ മുകൾഭാഗത്തേക്ക് വ്യാപിച്ചു. ഫയർ ഫോഴ്‌സിന്റെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ പൂർണമായി നിയന്ത്രണവിധേയമാക്കാനായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ഉപകരണങ്ങളിൽനിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക സംശയം. എന്നാൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളായി കപ്പലിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു.

കപ്പലിൽ ഇന്ധനവും കെമിക്കലുകളും മറ്റ് ഉൽപന്നങ്ങളും ഉണ്ടായിരിക്കാമെന്നതിനാൽ തീ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത അഗ്നിരക്ഷാസേന ഗൗരവത്തോടെ കാണുന്നു. നിലവിൽ പുറത്തുനിന്ന് വെള്ളമൊഴിച്ച് കപ്പൽ തണുപ്പിക്കാനും തീ നിയന്ത്രണവിധേയമാക്കാനും ശ്രമം തുടരുകയാണ്.

ഷിപ്പ് യാർഡിന് സമീപം അറ്റകുറ്റപ്പണിക്കെത്തിച്ച മറ്റ് ബോട്ടുകളും കപ്പലുകളും ഉള്ളതിനാൽ തീ പടരാതിരിക്കാൻ പ്രത്യേക ജാഗ്രതയിലാണ് അധികൃതർ. അപകടത്തിൽ ആളപായം സംബന്ധിച്ച വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് വാർത്ത പുതുക്കും.