കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട എട്ട് വ്യത്യസ്ത കേസുകളിലായി 14 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വിവിധ തരം മയക്കുമരുന്നുകൾ, സൈക്കോട്രോപിക് മരുന്നുകൾ, നിയമവിരുദ്ധ മയക്കുമരുന്ന് തയ്യാറാക്കാനും പാക്ക് ചെയ്യാനും ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
ക്രിമിനൽ സെക്യൂരിറ്റി സെക്ടർ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും കച്ചവടക്കാരെയും ഇടപാടുകാരെയും കണ്ടെത്തുന്നതിനുമായി നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് അറസ്റ്റുകളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാനുള്ള സുരക്ഷാ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓപ്പറേഷനുകളിൽ 1.425 കിലോഗ്രാം ഷാബു, 1.015 കിലോഗ്രാം ഹഷീഷ്, 365 ഗ്രാം മരിജുവാന, മൂന്ന് ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. കൂടാതെ സിന്തറ്റിക് രാസ മയക്കുമരുന്ന് നനച്ച നാല് എ4 പേപ്പർ ഷീറ്റുകളും നിയന്ത്രിത മരുന്നായ ലിറിക്കയുടെ 80 ക്യാപ്‌സ്യൂളുകളും മൂന്ന് സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു.
ആറ് പ്രിസിഷൻ ത്രാസുകളും മയക്കുമരുന്ന് ഉപയോഗത്തിനുള്ള വിവിധ ഉപകരണങ്ങളും സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. മയക്കുമരുന്ന് അളക്കാനും പാക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ കേസുകളുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് സംബന്ധിച്ച കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങൾ സഹകരിക്കണമെന്നും സംശയാസ്പദമായ വിവരങ്ങൾ സുരക്ഷാ വിഭാഗങ്ങളെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.

