കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ 8 മുതൽ 14 വരെ രാജ്യവ്യാപകമായി നടത്തിയ ഗതാഗത പരിശോധനകളുടെ ഫലം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു. വിവിധ ഗവർണറേറ്റുകളിലായി നടന്ന ഫീൽഡ് കാമ്പയിനുകളിൽ ആകെ 19,938 ഗതാഗത നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
പരിശോധനകളുടെ ഭാഗമായി 51 വാണ്ടഡ് വ്യക്തികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിന് പുറമെ വിവിധ ഗതാഗത, നിയമപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട 2,736 മറ്റു നിയമലംഘനങ്ങളും കൈകാര്യം ചെയ്തു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ നിയമലംഘനങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനുള്ള തുടർ നടപടികളുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയത്.
അറസ്റ്റിലായവരിൽ താമസനിയമം ലംഘിച്ച 27 പേർ, വാണ്ടഡ് വാഹനങ്ങളുമായി ബന്ധപ്പെട്ട 16 കേസുകൾ, ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ലാത്ത ഒരാൾ, അസാധാരണ നിലയിൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ആറു പേർ എന്നിവ ഉൾപ്പെടുന്നു. 11 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.
കാമ്പയിനുകളിൽ 419 വാഹനങ്ങളും 21 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ 46 പേരെ തുടർ നടപടികൾക്കായി ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ തടഞ്ഞുവെച്ചു. അതേ കാലയളവിൽ 1,097 കൂട്ടിയിടി അപകടങ്ങളും ട്രാഫിക് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു. ഇവയിൽ 160 അപകടങ്ങളിൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തു.
ഗതാഗത അച്ചടക്കം ശക്തമാക്കുക, വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, നിയമലംഘനങ്ങൾ നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിപ്പിക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

