കുവൈത്ത് സിറ്റി: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ 2026ലെ ലോക മത്സരക്ഷമതാ റാങ്കിങ്ങിൽ കുവൈത്ത് 31-ാം സ്ഥാനത്തേക്ക് മുന്നേറി. 70 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് നേട്ടം.

2025ൽ 69 രാജ്യങ്ങളിൽ 36-ാം സ്ഥാനത്തായിരുന്നു കുവൈത്ത്. ഒരു വർഷത്തിനിടെ അഞ്ച് സ്ഥാനങ്ങളുടെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ മൊത്തം സ്കോർ 2025ലെ 68.69ൽ നിന്ന് 2026ൽ 70.13 ആയി ഉയർന്നതായി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയായ നസാഹ അറിയിച്ചു.

സാമ്പത്തിക പ്രകടനത്തിലും ബിസിനസ് കാര്യക്ഷമതയിലും ഉണ്ടായ പുരോഗതിയാണ് റാങ്കിങ് മെച്ചപ്പെടാൻ പ്രധാന കാരണമെന്ന് നസാഹ വ്യക്തമാക്കി. നിക്ഷേപ-വ്യാപാര അന്തരീക്ഷത്തിന്റെ മത്സരശേഷി ഉയരുന്നതിന്റെ സൂചനയായാണ് പുതിയ ഫലം വിലയിരുത്തുന്നത്.

ബിസിനസിനും നിക്ഷേപത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സമ്പദ്‌വ്യവസ്ഥകളുടെ കഴിവും ദീർഘകാല വളർച്ചയ്ക്കുള്ള ശേഷിയും പരിശോധിക്കുന്ന പ്രധാന അന്താരാഷ്ട്ര മാനദണ്ഡമാണ് IMD World Competitiveness Ranking.