കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4ൽ കൂടുതൽ വിമാനക്കമ്പനികൾ സർവീസ് പുനരാരംഭിക്കുന്നു. അടുത്തിടെ ഉണ്ടായ പ്രാദേശിക വിമാനയാത്രാ തടസ്സങ്ങൾക്ക് ശേഷം പ്രവർത്തനം സാധാരണ നിലയിലേക്കു മടങ്ങുന്നതിന്റെ സൂചനയായാണ് പുതിയ സർവീസ് പുനരാരംഭം വിലയിരുത്തുന്നത്.
ഖത്തർ എയർവേസ് ജൂൺ 21 മുതൽ ദോഹ-കുവൈത്ത് സിറ്റി പ്രതിദിന സർവീസ് വീണ്ടും ആരംഭിക്കുമെന്ന് അറിയിച്ചു. സർവീസ് ടെർമിനൽ 4ൽ നിന്നായിരിക്കും പ്രവർത്തിക്കുക.
ഗൾഫ് എയർ, നെസ്മ എയർലൈൻസ്, നൈൽ എയർവേസ് എന്നിവ ജൂൺ 20 മുതൽ സർവീസ് പുനരാരംഭിച്ചു. എതിഹാദ് എയർവേസ് ജൂൺ 23 മുതൽ, ഒമാൻ എയർ ജൂൺ 25 മുതൽ സർവീസ് തുടങ്ങും.
ഖത്തർ എയർവേസ് പ്രതിസന്ധിക്ക് മുൻപുള്ള പ്രവർത്തന ശേഷിയുടെ 85 ശതമാനം പുനഃസ്ഥാപിച്ചതായി അറിയിച്ചു. പ്രവർത്തന കാര്യക്ഷമതയും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പുതിയ ചുമതലകൾ സൃഷ്ടിക്കുന്ന സംഘടനാപരമായ മാറ്റങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാധാരണ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ടെന്നും വിമാന സമയക്രമങ്ങൾ പതിവ് നിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈനുകളുടെയും ഔദ്യോഗിക ചാനലുകളുടെയും അറിയിപ്പുകൾ പരിശോധിക്കണം.
പ്രാദേശിക വ്യോമഗതാഗതം സാധാരണ നിലയിലാകുന്നത് പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമാകും. അടുത്ത ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ കൂടി സ്ഥിരത കൈവരിക്കുമെന്നാണ് യാത്രാ മേഖലയിലെ പ്രതീക്ഷ.

