കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 4ൽ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. ഈജിപ്ത് എയറും ഫ്ലൈദുബായിയും ടി4ൽ നിന്ന് വീണ്ടും സർവീസ് ആരംഭിച്ചു.

ആദ്യദിവസം രണ്ട് വിമാനങ്ങളിലായി 422 യാത്രക്കാരാണ് ടി4 വഴി പുറപ്പെട്ടത്. ഈജിപ്ത് എയർ വിമാനത്തിൽ 242 പേരും ഫ്ലൈദുബായ് സർവീസിൽ 180 പേരും യാത്ര ചെയ്തു.

ജൂൺ 18 മുതൽ എയർ അറേബ്യ, മിഡിൽ ഈസ്റ്റ് എയർലൈൻസ്, സിറിയൻ എയർലൈൻസ്, എമിറേറ്റ്സ് എന്നിവ സർവീസ് ആരംഭിക്കും. ജൂൺ 19ന് ഗൾഫ് എയർ ഒരു സർവീസ് നടത്തും. ശനിയാഴ്ച നൈൽ എയറും യെമനിയയും രണ്ട് സർവീസുകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ദിവസേന പുലർച്ചെ നാലുമുതൽ രാത്രി പത്തുവരെ ടി4 പ്രവർത്തിക്കും. ഓരോ വിമാനക്കമ്പനിക്കും തുടക്കത്തിൽ ഒരു സർവീസ് വീതമാണ് അനുവദിക്കുക; പ്രവർത്തനസജ്ജത വിലയിരുത്തി പിന്നീട് എണ്ണം വർധിപ്പിക്കും.

യാത്രക്കാരുടെ നീക്കം സുഗമമാക്കാൻ 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജീവമാക്കും. ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ പൂർണമായി പ്രവർത്തിപ്പിക്കുകയും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനികളുമായി ഏകോപനം ഉറപ്പാക്കുകയും ചെയ്യും.

യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നും വിമാനസമയം ബന്ധപ്പെട്ട എയർലൈൻസുമായി സ്ഥിരീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. തിരക്ക് കുറയ്ക്കാൻ അനാവശ്യമായി അനുഗമിക്കുന്നവരെ ടെർമിനലിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.