കുവൈത്ത് സിറ്റി: സ്വാതന്ത്ര്യത്തിന്റെ 65-ാം വാർഷികം ആചരിക്കുന്ന കുവൈത്ത്, ആധുനിക രാഷ്ട്രനിർമാണ യാത്രയിലെ നിർണായക മൈൽക്കല്ലാണ് ഈ അവസരത്തിൽ ഓർമ്മിക്കുന്നത്. 1961 ജൂൺ 19ന് ബ്രിട്ടനുമായുള്ള 1899ലെ സംരക്ഷണ കരാർ അവസാനിപ്പിച്ചുകൊണ്ട് കുവൈത്ത് പൂർണ സ്വാതന്ത്ര്യവും പരമാധികാരവും പ്രഖ്യാപിച്ച ദിനമാണ് രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ ചരിത്രത്തിന് തുടക്കം കുറിച്ചത്.
സ്വാതന്ത്ര്യ പ്രഖ്യാപനം രാജ്യത്തിന്റെ ഭരണഘടനാപരമായ യാത്രക്കും സ്ഥാപനനിർമാണത്തിനും വികസന പദ്ധതികൾക്കും അന്താരാഷ്ട്ര സാന്നിധ്യത്തിനും ശക്തമായ അടിത്തറയായി. അമീർ ഷെയ്ഖ് അബ്ദുല്ല അൽ സാലിം അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന ഈ ചരിത്രനടപടി, കുവൈത്തിനെ സ്വതന്ത്രവും ജനാധിപത്യ മൂല്യങ്ങൾ അടിസ്ഥാനമാക്കിയതുമായ രാഷ്ട്രമായി ഉയർത്താനുള്ള വഴിയൊരുക്കി.
സ്വാതന്ത്ര്യത്തിന് പിന്നാലെ 1961 ഓഗസ്റ്റ് 26ന് ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പ് നടത്താൻ അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ജനാധിപത്യ തത്വങ്ങളിലൂന്നിയ ഭരണരൂപരേഖ തയ്യാറാക്കുക എന്ന ദൗത്യമാണ് അസംബ്ലിക്ക് നൽകിയിരുന്നത്. ഒൻപത് മാസത്തിനകം 183 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ കരട് പൂർത്തിയാക്കിയത് കുവൈത്തിന്റെ ഭരണഘടനാപരവും പാർലമെന്ററി സംവിധാനപരവുമായ ചരിത്രത്തിലെ വലിയ നേട്ടമായി.
സ്വാതന്ത്ര്യശേഷം പൗരത്വം, നാണയം, പാസ്‌പോർട്ട്, സർക്കാർ സ്ഥാപനങ്ങൾ, നീതിന്യായ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട നിയമ-ഭരണപരിഷ്കാരങ്ങൾ കുവൈത്ത് വേഗത്തിൽ നടപ്പാക്കി. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ സേവനങ്ങൾ, കമ്മ്യൂണിക്കേഷൻസ്, വൈദ്യുതി, വെള്ളം, സാമൂഹികകാര്യങ്ങൾ, മാധ്യമം എന്നീ മേഖലകളിൽ ക്രമബദ്ധമായ സർക്കാർ വകുപ്പുകൾ രൂപം കൊണ്ടിരുന്നു.
1963 മേയ് 14ന് കുവൈത്ത് ഐക്യരാഷ്ട്രസഭയുടെ 111-ാമത് അംഗരാജ്യമായി അംഗീകരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ചെറുകാലത്തിനുള്ളിൽ തന്നെ അറബ്, പ്രാദേശിക, ആഗോള വേദികളിൽ സജീവ പങ്കാളിയാകാൻ കുവൈത്തിന് കഴിഞ്ഞത് രാജ്യത്തിന്റെ നയതന്ത്ര ശേഷിയുടെ തെളിവായി.
1964 മേയ് 18ലെ അമീരി ഉത്തരവിലൂടെ സ്വാതന്ത്ര്യാഘോഷം, ഷെയ്ഖ് അബ്ദുല്ല അൽ സാലിം അൽ സബാഹിന്റെ അധികാരാരോഹണ ദിനമായ ഫെബ്രുവരി 25ലെ ദേശീയദിനാഘോഷത്തോടൊപ്പം ചേർത്തു. അതിനുശേഷം ഫെബ്രുവരി 25 ആണ് കുവൈത്തിന്റെ ദേശീയദിനമായി ആഘോഷിക്കപ്പെടുന്നത്.
അമീർ ഷെയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെയും നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനയാത്ര തുടരുകയാണ്. സാമ്പത്തിക-സാമൂഹിക പുരോഗതി, സ്ഥാപനശക്തീകരണം, സുരക്ഷ, സ്ഥിരത, സമതുലിത വിദേശനയം എന്നിവയാണ് ആധുനിക കുവൈത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ആക്രമണം നിരസിക്കൽ, മനുഷ്യാവകാശ സംരക്ഷണം, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കൽ, ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കൽ, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ എന്നീ മൂല്യങ്ങൾ കുവൈത്തിന്റെ വിദേശനയത്തിൽ ശക്തമായി നിലനിൽക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്കിൽ കുവൈത്ത് വിശ്വാസം പുലർത്തുകയും ചെയ്യുന്നു.
സ്വാതന്ത്ര്യത്തിന്റെ 65-ാം വാർഷികം കുവൈത്തികൾക്ക് ചരിത്രസ്മരണ മാത്രമല്ല; ദേശീയ ഐക്യം, ഭരണനിർമാണം, വികസന പ്രതിബദ്ധത, ഭാവിയിലേക്കുള്ള ആത്മവിശ്വാസം എന്നിവ പുതുക്കുന്ന ദിനവുമാണ്.

