കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽവിഭാഗവും മാറ്റുന്നതുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഇളവാക്കി. തിങ്കളാഴ്ച പുറത്തിറക്കിയ മന്ത്രിതല തീരുമാനത്തിലൂടെയാണ് പുതിയ സൗകര്യം പ്രഖ്യാപിച്ചത്.
പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽവിഭാഗവും അവർ യഥാർത്ഥത്തിൽ ചെയ്യുന്ന ജോലിയുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ തിരുത്താൻ അനുമതി നൽകുന്നതാണ് തീരുമാനം. നിർദിഷ്ട ജോലികൾക്കുള്ള വർക്ക് പെർമിറ്റ് അനുവദിക്കുന്നതിൽ ഉണ്ടായിരുന്ന പ്രധാന തടസ്സം ഇതോടെ കുറയുമെന്നാണ് വിലയിരുത്തൽ.
തീരുമാനം ജൂൺ 2 മുതൽ പ്രാബല്യത്തിലാണെന്ന് പാം അറിയിച്ചു. തൊഴിൽ വിപണിയിലെ കാര്യക്ഷമത വർധിപ്പിക്കുക, വിദ്യാഭ്യാസ-തൊഴിൽ യോഗ്യതകളുടെയും യഥാർത്ഥ ജോലിയുടെയും തമ്മിലുള്ള പൊരുത്തം ഉറപ്പാക്കുക, കൂടുതൽ സുതാര്യത കൊണ്ടുവരുക എന്നിവയാണ് ലക്ഷ്യം.
പ്രവാസി തൊഴിലാളികൾക്കും കമ്പനികൾക്കും തൊഴിൽരേഖകൾ ശരിയാക്കാൻ സഹായകമായേക്കാവുന്ന നടപടിയാണിത്. അതേസമയം, മാറ്റങ്ങൾ നിയമപരമായി ശരിയായ രേഖകളുടെയും ജോലിയുടെ യഥാർത്ഥ സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നതും നിർണായകമാണ്.

