കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-ലോജിസ്റ്റിക് ബന്ധം ശക്തിപ്പെടുത്തുന്ന ഗൾഫ് റെയിൽവേ പദ്ധതി വേഗത്തിലാക്കാനുള്ള നടപടികൾ ജിസിസി ഗതാഗത മന്ത്രിമാർ ചർച്ച ചെയ്തു. കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ യോഗത്തിൽ പങ്കെടുത്തു.
സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന ജിസിസി ട്രാൻസ്പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻസ് മിനിസ്റ്റേഴ്സ് കമ്മിറ്റിയുടെ 29-ാം അസാധാരണ യോഗത്തിലാണ് പദ്ധതി പുരോഗതി വിലയിരുത്തിയത്.
ഏപ്രിൽ 28ന് ജിദ്ദയിൽ നടന്ന ജിസിസി നേതാക്കളുടെ 19-ാം കൺസൾട്ടേറ്റീവ് യോഗത്തിലെ തീരുമാനങ്ങളും ലോജിസ്റ്റിക് ഏകീകരണം ശക്തമാക്കാനുള്ള നിർദേശങ്ങളും മന്ത്രിമാർ പരിശോധിച്ചു.
അംഗരാജ്യങ്ങൾക്കിടയിൽ ചരക്ക്, ഉൽപ്പന്നങ്ങൾ, യാത്രാ സേവനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി കൈമാറാൻ റെയിൽവേ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. ചരക്കുനീക്കത്തിനുള്ള ട്രക്കുകളിലേക്കുള്ള ആശ്രയം കുറയ്ക്കാനും ഗൾഫ് രാജ്യങ്ങളെ പ്രാദേശിക-അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കാനും പദ്ധതിക്ക് കഴിയും.
ജിസിസി സുപ്രീം കൗൺസിലിന്റെ നിർദേശപ്രകാരം തയ്യാറാക്കുന്ന സമഗ്ര പഠനം, അംഗരാജ്യങ്ങൾ സ്വീകരിച്ച നടപ്പാക്കൽ നടപടികൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവയും യോഗത്തിൽ അവലോകനം ചെയ്തു.

