കുവൈത്ത് സിറ്റി: അൽ സൂർ റിഫൈനറി ഏറ്റെടുത്തതോടെ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സംവിധാനമായി മാറിയതായി റിപ്പോർട്ട്. കെഎൻപിസിയുടെ പ്രതിദിന ശുദ്ധീകരണ ശേഷി 14.136 ലക്ഷം ബാരലായി ഉയർന്നു.

പ്രതിദിനം പത്ത് ലക്ഷത്തിലധികം ബാരൽ ശേഷിയുള്ള സൗദി അരാംകോയാണ് രണ്ടാം സ്ഥാനത്ത്. 4.60 ലക്ഷം ബാരൽ ശേഷിയുള്ള സാറ്റോർപ്പും 5.50 ലക്ഷത്തിലധികം ബാരൽ ശേഷിയുള്ള റാസ് തനൂറ റിഫൈനറിയും അരാംകോയുടെ പ്രധാന ആസ്തികളാണ്.

യുഎഇയിലെ അഡ്‌നോക്ക് നിയന്ത്രിക്കുന്ന റുവൈസ് റിഫൈനിങ് കോംപ്ലക്സാണ് മൂന്നാം സ്ഥാനത്ത്. ഈ കോംപ്ലക്സിന്റെ പ്രതിദിന ശേഷി എട്ട് ലക്ഷത്തിലധികം ബാരലാണ്.

പുതിയ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം 0.5 ശതമാനം സൾഫർ ഉള്ള 17,500 ടൺ മറൈൻ ഫ്യൂവൽ ഓയിൽ കഴിഞ്ഞ വർഷം കെഎൻപിസി ഉൽപ്പാദിപ്പിച്ചു.

മിന അൽ അഹ്മദി, മിന അബ്ദുല്ല റിഫൈനറികളിലെ യൂണിറ്റുകളുടെ ശേഷി വർധിപ്പിക്കാനുള്ള നടപടികളും കമ്പനി തുടരുകയാണ്. വിവിധ ഡിസ്റ്റിലേഷൻ, ഡീസൾഫറൈസേഷൻ, നാഫ്ത ട്രീറ്റ്‌മെന്റ്, ഗ്യാസോലിൻ, പെട്രോളിയം കോക്ക് യൂണിറ്റുകളുടെ പ്രവർത്തന ശേഷി ഉയർത്തി.

മിന അൽ അഹ്മദിയിലെ ക്ലീൻ ഫ്യൂവൽ യൂണിറ്റുകളുടെ സമഗ്ര അറ്റകുറ്റപ്പണിയിൽ ഏകദേശം 1,500 ഉപകരണങ്ങളും 20,000 ഇൻസുലേഷൻ പോയിന്റുകളും ഉൾപ്പെട്ടു. 4,500 തൊഴിലാളികൾ പങ്കെടുത്ത പ്രവർത്തനം അപകടമില്ലാതെ പൂർത്തിയാക്കി.

റോട്ടേറ്റിങ് ഉപകരണങ്ങളും ഇലക്ട്രിക് മോട്ടോറുകളും ദൂരനിരീക്ഷണം ചെയ്യാൻ വികസിത സാങ്കേതികവിദ്യയും കെഎൻപിസി പരീക്ഷിച്ചു. ഉപകരണ തകരാറുകൾ മുൻകൂട്ടി പ്രവചിച്ച് പരിപാലന ചെലവും സമയവും കുറയ്ക്കുകയാണ് ലക്ഷ്യം.

2025ലെ കണക്കുപ്രകാരം മിന അബ്ദുല്ല, മിന അൽ അഹ്മദി റിഫൈനറികളുടെ സംയുക്ത പ്രതിദിന ശേഷി 7,98,600 ബാരലും അൽ സൂർ റിഫൈനറിയുടേത് 6,15,000 ബാരലുമാണ്.