കുവൈത്ത് സിറ്റി: മത്സ്യബന്ധന ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും 24 മണിക്കൂറും കടൽസഞ്ചാരം നടത്താൻ അനുമതി നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ മുമ്പുണ്ടായിരുന്ന സമയനിയന്ത്രണങ്ങൾ പിൻവലിച്ചു.
നിലവിലെ സുരക്ഷാ സാഹചര്യം സമഗ്രമായി വിലയിരുത്തിയ ശേഷമാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സമുദ്രപരിധിയിലെ സുരക്ഷയും നിയന്ത്രണങ്ങളും ബാധിക്കാതെ സമുദ്ര വിനോദവും മത്സ്യബന്ധന പ്രവർത്തനങ്ങളും ദിവസം മുഴുവൻ തുടരാൻ വഴിയൊരുക്കുകയാണ് ലക്ഷ്യം.
എങ്കിലും ഔദ്യോഗിക നാവിഗേഷൻ മാപ്പിൽ സൂചിപ്പിച്ച മേഖലകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. എണ്ണസ്ഥാപനങ്ങൾ, തന്ത്രപ്രധാന കേന്ദ്രങ്ങൾ, ഫൈലക ദ്വീപിന്റെ വടക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള സമുദ്രമേഖല, ബുബിയാൻ ദ്വീപിന്റെ തെക്കൻ മേഖലകൾ എന്നിവക്ക് സമീപം പോകുന്നത് നിരോധിച്ചിരിക്കുന്നു.
കടലിൽ സഞ്ചരിക്കുന്ന എല്ലാ ബോട്ടുകളിലും Automatic Identification System എല്ലാസമയവും പ്രവർത്തനക്ഷമമാക്കണം. ഇത് നിരീക്ഷണം ശക്തമാക്കാനും അടിയന്തര സാഹചര്യങ്ങളിൽ അധികാരികൾക്ക് വേഗത്തിൽ പ്രതികരിക്കാനും സഹായിക്കും.
കുവൈത്ത് ബേയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കടൽയാത്രക്കാരും ഹോബി മത്സ്യബന്ധകരും പരിസ്ഥിതി പൊതു അതോറിറ്റിയിൽ നിന്ന് നിർബന്ധമായ QR കോഡ് അനുമതി നേടണം. സഹൽ ആപ്പ് വഴിയാണ് ഈ അനുമതി ലഭ്യമാക്കുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ് കുവൈത്തിന്റെ സമുദ്ര അതിർത്തികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പൗരന്മാരും താമസക്കാരും നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

