കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങളും ചട്ടങ്ങളും ഏകീകരിക്കുന്ന പുതിയ വിദ്യാഭ്യാസ ബൈലോയുടെ ആദ്യ കരട് വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി ശനിയാഴ്ചയാണ് കരട് സംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകൾക്കായി ഒരു ഏകീകൃത നിയന്ത്രണ ചട്ടക്കൂട് ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ വിവിധ വിദ്യാഭ്യാസ ഘട്ടങ്ങൾക്കായി നിലനിൽക്കുന്ന വ്യത്യസ്ത ചട്ടങ്ങൾക്കു പകരം സമഗ്രമായ ഏകീകൃത രേഖ കൊണ്ടുവരാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
കാലാനുസൃതമായ വിദ്യാഭ്യാസ ആവശ്യകതകൾ ഉൾക്കൊള്ളുകയും സ്കൂൾ അച്ചടക്കം ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ-ഭരണപരമായ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉയർത്തുകയും ചെയ്യുന്ന രീതിയിലാണ് കരട് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. സ്ഥാപനങ്ങൾക്കുള്ളിൽ ചുമതലകളും നടപടിക്രമങ്ങളും കൂടുതൽ വ്യക്തതയോടെ നിർവചിക്കാനും ഇത് സഹായിക്കും.
അന്തിമ അംഗീകാരത്തിന് മുമ്പ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനാണ് തീരുമാനം. അധ്യാപകർ, സ്കൂൾ ഭരണാധികാരികൾ, ടെക്നിക്കൽ സൂപ്പർവൈസർമാർ എന്നിവർക്കായി കരട് മന്ത്രാലയ വെബ്സൈറ്റിൽ രണ്ട് ആഴ്ചത്തേക്ക് പ്രസിദ്ധീകരിക്കും.
ജൂലൈ 4 വരെ നിർദേശങ്ങൾ സമർപ്പിക്കാനാകും. വിദ്യാഭ്യാസ നയങ്ങളും ചട്ടങ്ങളും വികസിപ്പിക്കുന്നതിൽ സ്ഥാപനപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹമദ് അൽ ഹമദ് അധ്യക്ഷനായ സമിതിയാണ് പദ്ധതി തയ്യാറാക്കിയത്. വിദ്യാഭ്യാസ ദർശനവും മിഷനും, വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലെ പഠനപദ്ധതികൾ, മതപഠന പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ചട്ടങ്ങളും സമിതി കഴിഞ്ഞ മാസങ്ങളിലായി അവലോകനം ചെയ്തിരുന്നു.

