ഗസ്സ: ഇസ്രയേൽ തടങ്കലിൽ കഴിയുന്ന ഗസ്സയിലെ പ്രമുഖ ഡോക്ടർ ഹുസാം അബു സഫിയയുടെ മോചന അപ്പീൽ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് പിതാവിന്റെ ആരോഗ്യത്തെയും ജീവനെയും കുറിച്ച് ഗുരുതര ആശങ്കയുണ്ടെന്ന് മകൻ ഇലിയാസ് അബു സഫിയ. കുറ്റം ചുമത്താതെയുള്ള തടങ്കൽ തുടരുമെന്ന കോടതി തീരുമാനത്തെ കുടുംബവും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചു.

53കാരനായ അബു സഫിയയെ ഇസ്രയേലിന്റെ ‘അൺലോഫുൾ കോമ്പാറ്റന്റ്സ് ലോ’ പ്രകാരമാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ഔദ്യോഗിക ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല. തുറന്ന കോടതിയിൽ തെളിവുകൾ അവതരിപ്പിക്കാതെയും വിചാരണ നടത്താതെയും അനിശ്ചിതകാലം തടങ്കലിൽ വയ്ക്കാൻ ഈ നിയമം ഉപയോഗിക്കുന്നുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനം.

കഴിഞ്ഞ ആഴ്ച വീഡിയോ ലിങ്കിലൂടെ കോടതിയിൽ ഹാജരാക്കിയ അബു സഫിയയുടെ രൂപം കുടുംബത്തെയും പിന്തുണക്കുന്നവരെയും ഞെട്ടിച്ചിരുന്നു. കണ്ണിൽ പരിക്ക്, ഗുരുതരമായ ശരീരഭാരം കുറവ്, ക്ഷീണം, ചർമ്മരോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവ വ്യക്തമായിരുന്നുവെന്ന് മകൻ ഇലിയാസ് പറഞ്ഞു. പിതാവിനെ സംരക്ഷിക്കാനോ ചികിത്സ നൽകാനോ കഴിയാത്ത അവസ്ഥ കുടുംബത്തിന് വാക്കുകളിൽ വിവരിക്കാനാകാത്ത വേദനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അബു സഫിയ നഫ്ഹ ജയിലിലെ ഏകാന്ത തടവിൽ തുടരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നാസർ ഒദെ അറിയിച്ചു. ആരോഗ്യനില മോശമായിട്ടും ആവശ്യമായ ചികിത്സയും മരുന്നുകളും നിഷേധിക്കപ്പെടുകയാണെന്നാണ് അഭിഭാഷകന്റെ ആരോപണം. തടങ്കൽ സാഹചര്യങ്ങൾ കഠിനമാണെന്നും ശാരീരികമായി സഞ്ചരിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രയേലിലെ തടവുകാരുടെയും തടങ്കലുകാരുടെയും വിഭാഗം ഡയറക്ടർ നജി അബ്ബാസ് കോടതി വിധിയെ നിയമപരവും നൈതികവുമായ പരാജയമെന്ന് വിശേഷിപ്പിച്ചു. ഒരു ആശുപത്രി ഡയറക്ടറെ കുറ്റം ചുമത്താതെ, ചികിത്സ നിഷേധിച്ച്, ഏകാന്ത തടവിൽ അനിശ്ചിതകാലം പാർപ്പിക്കുന്നത് അപകടകരമായ മാതൃക സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയുടെ ഡയറക്ടറായിരുന്നു അബു സഫിയ. 2024 ഡിസംബർ 27ന് ആശുപത്രിയിൽ ഇസ്രയേലി സേന നടത്തിയ റെയ്ഡിനിടെയാണ് മറ്റ് ആരോഗ്യപ്രവർത്തകരോടൊപ്പം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആക്രമണങ്ങളും മരുന്ന്-ഉപകരണ ക്ഷാമവും ശക്തമായ ബോംബാക്രമണവും ഉണ്ടായിട്ടും രോഗികളെ ഉപേക്ഷിക്കാൻ വിസമ്മതിച്ച ഡോക്ടറായി അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

അന്താരാഷ്ട്ര മാനവിക നിയമവും ജനീവ കൺവെൻഷനുകളും അനുസരിച്ച് ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം ലഭിക്കേണ്ടതാണെന്ന് കോടതിയിൽ വാദിച്ചതായി കുടുംബം അറിയിച്ചു. കുറ്റം തെളിയിക്കുന്ന തെളിവില്ലാത്തതിനാലാണ് ഔദ്യോഗിക കുറ്റപത്രം സമർപ്പിക്കാൻ ഇസ്രയേലിന് കഴിയാത്തതെന്ന് ഇലിയാസ് ആരോപിച്ചു.

അബു സഫിയയുടെ മോചനത്തിനായി അന്താരാഷ്ട്ര മെഡിക്കൽ സംഘടനകളും മനുഷ്യാവകാശ കൂട്ടായ്മകളും പ്രവർത്തകരും മാസങ്ങളായി പ്രചാരണം നടത്തുന്നു. ഏകാന്ത തടവ്, ചികിത്സ നിഷേധം, ശാരീരിക പീഡനം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്ക കൂടുതൽ ശക്തമായി.

പിതാവ് ജയിലിൽ മരിക്കുമോ എന്നതാണ് കുടുംബത്തിന്റെ ഏറ്റവും വലിയ ഭയമെന്ന് ഇലിയാസ് പറഞ്ഞു. അപ്പീൽ തള്ളിയെങ്കിലും മോചനത്തിനായുള്ള നിയമ-അന്താരാഷ്ട്ര ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്നും ആരോഗ്യപരിശോധന, ചികിത്സ, കുടുംബസന്ദർശനം എന്നിവ ഉടൻ അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.