മിലാൻ: “Oman and Italy: Two Millennia of Cross-Civilisational Dialogue” എന്ന പേരിലുള്ള പ്രദർശനവും ഒമാൻ ഡേ പരിപാടിയും മിലാനിലെ പ്രശസ്തമായ പിനാകോതെക ഡി ബ്രേരയിൽ ഉദ്ഘാടനം ചെയ്തു. ഒമാൻ ദേശീയ മ്യൂസിയമാണ് ഇറ്റലിയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
ഒമാനും ഇറ്റലിയും തമ്മിൽ ഏകദേശം രണ്ട് സഹസ്രാബ്ദങ്ങളായി നിലനിന്ന വ്യാപാര, വിജ്ഞാന, സാംസ്കാരിക ബന്ധങ്ങളെയാണ് പ്രദർശനം അടയാളപ്പെടുത്തുന്നത്. പുരാവസ്തു കണ്ടെത്തലുകൾ, യാത്രാവിവരണങ്ങൾ, കാർട്ടോഗ്രഫി, കലാരൂപങ്ങൾ എന്നിവയിലൂടെ മധ്യധരാ കടലും ഇന്ത്യൻ മഹാസമുദ്രവും ബന്ധിപ്പിച്ച സാംസ്കാരിക പാരമ്പര്യം പ്രദർശനം അവതരിപ്പിക്കുന്നു.
ലോകത്തെ പ്രമുഖ മ്യൂസിയങ്ങളിലൂടെയും സാംസ്കാരിക സ്ഥാപനങ്ങളിലൂടെയും ഒമാന്റെ സിവിലൈസേഷനൽ, ചരിത്ര, സാംസ്കാരിക, ശാസ്ത്രീയ പൈതൃകം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ മ്യൂസിയം നടപ്പാക്കുന്ന Oman Day പദ്ധതിയുടെ ഭാഗമാണ് ഈ പ്രദർശനം.
ഉദ്ഘാടന ചടങ്ങിൽ ഇറ്റലിയിലെ ഒമാൻ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജുലന്ദ അൽ സഈദ്, ദേശീയ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസ്സൻ അൽ മൂസവി എന്നിവർ പങ്കെടുത്തു. ഇറ്റലിയിലെ സാംസ്കാരിക, മ്യൂസിയം മേഖലകളിലെ പ്രമുഖരും ഉദ്യോഗസ്ഥരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.
ഒമാനും ഇറ്റലിയും തമ്മിലുള്ള ബന്ധം വ്യാപാരത്തിലോ രാഷ്ട്രീയ ഇടപെടലുകളിലോ മാത്രം ഒതുങ്ങുന്നതല്ല. വിജ്ഞാന വിനിമയം, നാവികപാതകൾ, കല, സംസ്കാരം, ഗവേഷണം എന്നിവയിലൂടെ രൂപപ്പെട്ട ദീർഘകാല സാംസ്കാരിക ബന്ധത്തിന്റെ ദൃശ്യാവിഷ്കാരമാണ് പ്രദർശനം.
ഒമാന്റെ ചരിത്ര പൈതൃകം ആഗോള പ്രേക്ഷകരിലേക്കെത്തിക്കുന്നതിനൊപ്പം, ഇറ്റലിയുമായുള്ള സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്ന അവസരമായും ഈ പരിപാടി വിലയിരുത്തപ്പെടുന്നു.

