മനാമ: ബഹ്റൈനിൽ സംഘടിപ്പിച്ച ഇബ്നു ഖൽദൂൻ റിസർച്ച് അവാർഡിന്റെ ആദ്യ പതിപ്പിൽ ഒമാനി ഗവേഷക ആലിയ ഹിലാൽ അൽ സഅദി മൂന്നാം സ്ഥാനം നേടി. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷകയായ ആലിയ, കുടുംബവും ഡിജിറ്റൽ ഇടവും എന്ന വിഷയാധിഷ്ഠിതമായ അവാർഡ് മത്സരത്തിലാണ് നേട്ടം കൈവരിച്ചത്.

മുസ്തഖിറ ഫൗണ്ടേഷൻ സംഘടിപ്പിച്ച അവാർഡിന്റെ ഈ വർഷത്തെ പ്രമേയം “Family in the Digital Space” എന്നതായിരുന്നു. കുടുംബം, സമൂഹം, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട അക്കാദമിക് പഠനങ്ങൾക്ക് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തിലാണ് പുരസ്കാരം ആരംഭിച്ചത്.

“Intergenerational Digital Divide and its Impact on Identity and Family Values” എന്ന സംയുക്ത ഗവേഷണ പ്രബന്ധത്തിലെ മികച്ച പങ്കാളിത്തത്തിനാണ് ആലിയ അൽ സഅദി മൂന്നാം സ്ഥാനം നേടിയത്. ഡിജിറ്റൽ കാലഘട്ടത്തിൽ മാതാപിതാക്കളുടെ മാർഗനിർദേശത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും തലമുറകളിടയിലെ ഡിജിറ്റൽ വ്യത്യാസം കുടുംബമൂല്യങ്ങളെയും വ്യക്തിത്വബോധത്തെയും എങ്ങനെ ബാധിക്കുന്നു എന്നതുമാണ് പഠനത്തിൽ പരിശോധിച്ചത്.

സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ കോളേജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസിലെ സൊഷ്യോളജി ആൻഡ് സോഷ്യൽ വർക്ക് വിഭാഗത്തിൽ ഫിലോസഫി മേഖലയിലെ അസോസിയേറ്റ് റിസർച്ചറാണ് ആലിയ അൽ സഅദി. ഈ നേട്ടം ഒമാനിലെ അക്കാദമിക് ഗവേഷണ മികവിനും സാമൂഹ്യശാസ്ത്ര പഠനങ്ങളിലെ സംഭാവനകൾക്കും അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

ആദ്യ പതിപ്പിൽ തന്നെ ഇബ്നു ഖൽദൂൻ റിസർച്ച് അവാർഡ് 9 രാജ്യങ്ങളിൽ നിന്നുള്ള 104 അന്താരാഷ്ട്ര ഗവേഷകരെ ആകർഷിച്ചു. ഡിജിറ്റൽ ലോകം കുടുംബബന്ധങ്ങളെയും മൂല്യങ്ങളെയും കുട്ടികളുടെ വളർച്ചയെയും സ്വാധീനിക്കുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഗവേഷണങ്ങൾ നയരൂപീകരണത്തിനും സാമൂഹിക ഇടപെടലുകൾക്കും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.