മസ്കത്ത്: ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങ് 2027ൽ സുൽത്താൻ ഖാബൂസ് സർവകലാശാല 28 സ്ഥാനങ്ങൾ മുന്നേറി ആഗോളതലത്തിൽ 306-ാം സ്ഥാനം നേടി. 2026ലെ റാങ്കിങ്ങിൽ 334-ാം സ്ഥാനത്തായിരുന്ന സർവകലാശാലയുടെ പുതിയ നേട്ടം അക്കാദമിക്, ഗവേഷണ, അന്താരാഷ്ട്ര സഹകരണ മേഖലകളിലെ പുരോഗതിയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

സർവകലാശാലയിലെ അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വിദ്യാഭ്യാസ-ഗവേഷണ ശ്രമങ്ങളുടെയും തന്ത്രപ്രധാന പങ്കാളിത്തങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് വൈസ് ചാൻസലർ സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സഈദ് പറഞ്ഞു. ലോകോത്തര സർവകലാശാലകളുടെ നിരയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്ന മുന്നേറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന പിന്തുണയും ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുമായുള്ള ബന്ധവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി സർവകലാശാല വിലയിരുത്തുന്നു. വിജ്ഞാനം, നവീകരണം, ആഗോള മത്സരക്ഷമത എന്നിവയിൽ ഒമാന്റെ സ്ഥാനം ശക്തമാക്കുന്നതിലും ഈ റാങ്കിങ് പുരോഗതി നിർണായകമാണ്.

ക്യൂഎസ് 2027 റാങ്കിങ്ങ് 106 രാജ്യങ്ങളിലെ 8,808 സർവകലാശാലകളുടെ ഡാറ്റ പരിശോധിച്ചാണ് തയ്യാറാക്കിയത്. അന്തിമ പട്ടികയിൽ 1,504 സർവകലാശാലകളാണ് ഉൾപ്പെട്ടത്. അക്കാദമിക് റെപ്യൂട്ടേഷൻ, എംപ്ലോയർ റെപ്യൂട്ടേഷൻ, സൈറ്റേഷൻസ് പെർ ഫാക്കൽറ്റി, ഇന്റർനാഷണൽ റിസർച്ച് നെറ്റ്‌വർക്ക്, എംപ്ലോയ്‌മെന്റ് ഔട്ട്കംസ്, സസ്റ്റെയ്‌നബിലിറ്റി എന്നിവ ഉൾപ്പെടുന്ന ഒമ്പത് പ്രധാന സൂചകങ്ങളിലാണ് വിലയിരുത്തൽ.

എംപ്ലോയർ റെപ്യൂട്ടേഷൻ, സൈറ്റേഷൻസ് പെർ ഫാക്കൽറ്റി, ഇന്റർനാഷണൽ റിസർച്ച് നെറ്റ്‌വർക്ക്, എംപ്ലോയ്‌മെന്റ് ഔട്ട്കംസ് എന്നിവയിൽ സർവകലാശാല ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ നേടി. ലോകത്തിലെ മികച്ച 300 സർവകലാശാലകളുടെ നിരയിലേക്ക് പ്രവേശിക്കുകയെന്ന തന്ത്രപരമായ ലക്ഷ്യത്തിലേക്കുള്ള തുടർച്ചയായ മുന്നേറ്റമാണിതെന്ന് സർവകലാശാല അറിയിച്ചു.