റിയാദ്: ഏകദേശം 90 വർഷത്തെ ഇടവേളയ്ക്ക് ശേഷം വംശനാശഭീഷണി നേരിടുന്ന അറേബ്യൻ ഓറിക്സ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലേക്ക് തിരിച്ചെത്തി. സ്വദേശ വന്യജീവികളെ പ്രകൃതിദത്ത ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുന്ന സൗദി അറേബ്യയുടെ പ്രധാന പരിസ്ഥിതി പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം.

റിസർവ് വികസന അതോറിറ്റിയുടെ പ്രജനന-പുനരധിവസന പ്രവർത്തനങ്ങളാണ് ഓറിക്സിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയത്. റിസർവിലെ നിരവധി പ്രദേശങ്ങളിൽ പുതിയ ജനനങ്ങൾ രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

പരിസ്ഥിതി സന്തുലിതാവസ്ഥ ശക്തമാക്കുക, ജൈവവൈവിധ്യം സമ്പുഷ്ടമാക്കുക, പരിസ്ഥിതി സമ്മർദം, സസ്യാവരണം നഷ്ടപ്പെടൽ, അമിത വേട്ട എന്നിവ കാരണം കുറയുന്ന സ്വദേശ ജീവിവർഗങ്ങളെ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ബോവിഡേ കുടുംബത്തിൽപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ് അറേബ്യൻ ഓറിക്സ്. ശക്തമായ ശരീരഘടന, നീളം കൂടിയ നേരായ കൊമ്പുകൾ, വെള്ള നിറം, മുഖഭാഗത്തെ കറുത്ത അടയാളങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. സസ്യഭുക്കായ ഈ ജീവിയുടെ സാന്നിധ്യം റിസർവിന്റെ പ്രകൃതിസമ്പത്ത് വീണ്ടെടുക്കുന്നതിലെ നിർണായക ഘട്ടമായാണ് വിലയിരുത്തുന്നത്.

അറേബ്യൻ ഓറിക്സിനെ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ 1990ൽ പ്രത്യേക പ്രജനന പദ്ധതി ആരംഭിച്ചിരുന്നു. തായിഫ് ഗവർണറേറ്റിലെ പ്രിൻസ് സൗദ് അൽ ഫൈസൽ വൈൽഡ് ലൈഫ് റിസർച്ച് സെന്ററിൽ 38 ഓറിക്സുകളുള്ള കൂട്ടത്തോടെയാണ് പദ്ധതി തുടങ്ങിയത്.

പിന്നീട് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് സംരക്ഷിത മേഖലകളിൽ ഘട്ടംഘട്ടമായി ഓറിക്സുകളെ വിട്ടയക്കുകയും അവയുടെ ജീവിതാവസ്ഥയും വെല്ലുവിളികളും നിരീക്ഷിക്കുകയും ചെയ്തു. കിംഗ് സൽമാൻ റോയൽ റിസർവിലെ തിരിച്ചുവരവ് സൗദിയുടെ പരിസ്ഥിതി പുനരുദ്ധാരണ ശ്രമങ്ങൾക്ക് പ്രധാന അംഗീകാരമായാണ് കാണപ്പെടുന്നത്.