ബെയ്റൂത്ത്: ലെബനനിൽ നിന്നുള്ള കയറ്റുമതികൾ സൗദി വിപണിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള നടപടി സൗദി അറേബ്യയുടെ ലെബനനിലെ അംബാസഡർ ഫഹദ് അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ബെയ്റൂത്ത് തുറമുഖത്ത് നടന്ന ചടങ്ങിലാണ് ലെബനീസ് ഉൽപ്പന്നങ്ങൾ വീണ്ടും സൗദി വിപണിയിലേക്ക് എത്തിക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ടത്. ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം, ധനകാര്യ, വ്യവസായ, കാർഷിക, സാമ്പത്തിക-വാണിജ്യ മന്ത്രിമാർ, ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ, രാഷ്ട്രീയ-സാമ്പത്തിക-മാധ്യമ രംഗങ്ങളിലെ വ്യക്തികൾ, സൗദി എംബസി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശങ്ങളും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിന്റെയും പ്രധാനമന്ത്രി നവാഫ് സലാമിന്റെയും അഭ്യർഥനയും പരിഗണിച്ചാണ് സൗദി വിപണി ലെബനീസ് കയറ്റുമതികൾക്കായി വീണ്ടും തുറന്നതെന്ന് അംബാസഡർ അൽ-ദോസരി വ്യക്തമാക്കി. സംസ്ഥാന സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിലും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച പോസിറ്റീവ് നടപടികളിലും ലെബനൻ മുന്നോട്ടുവന്ന സാഹചര്യത്തിലാണ് തീരുമാനം. ആദ്യ ലെബനീസ് കയറ്റുമതി ചരക്ക് ബെയ്റൂത്ത് തുറമുഖത്ത് നിന്ന് ജിദ്ദ ഇസ്ലാമിക് പോർട്ടിലേക്കു പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സൗദി തീരുമാനം ഇരുരാജ്യങ്ങളുടെയും സഹോദരബന്ധത്തെയും ലെബനന്റെ സ്ഥിരത, പരമാധികാരം, ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്കുള്ള പിന്തുണയെയും പ്രതിഫലിപ്പിക്കുന്നതായി അംബാസഡർ അറിയിച്ചു. അറബ് രാജ്യങ്ങൾക്ക് ലെബനൻ ഭൂമിയിൽ നിന്ന് യാതൊരു ദോഷവും സംഭവിക്കാതിരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. ചടങ്ങിന് പിന്നാലെ തുറമുഖത്ത് പുതുതായി സ്ഥാപിച്ച പുരോഗമിച്ച ചരക്ക് സ്കാനിങ് സംവിധാനങ്ങളും പ്രതിനിധികൾ പരിശോധിച്ചു; സുരക്ഷാ മേൽനോട്ടവും കസ്റ്റംസ് നടപടികളുടെ വേഗതയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.