ഡാലസ്: ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടയിൽ പുതിയ നേട്ടം കുറിച്ച ലയണൽ മെസ്സിയെ മലയാളത്തിൽ വാഴ്ത്തി ഫിഫ (FIFA). അർജന്റീന–ഓസ്ട്രിയ മത്സരത്തിനു പിന്നാലെ ഫിഫയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പങ്കുവെച്ച മലയാളം പോസ്റ്റാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ശ്രദ്ധ നേടുന്നത്.
മത്സരത്തിൽ രണ്ട് ഗോളുകൾ നേടി തിളങ്ങിയ മെസ്സിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫിഫയുടെ ഈ സർപ്രൈസ് പോസ്റ്റ്. ആകാശത്തേക്ക് കൈകൾ ഉയർത്തി നിൽക്കുന്ന മെസ്സിയുടെ ചിത്രത്തിനൊപ്പം ഫിഫ കുറിച്ച വരികൾ ഇതായിരുന്നു:
“ഇവനെ പടച്ച് വിട്ട കടവുളുക്ക് പത്തിൽ 10”
മലയാളികൾക്കിടയിൽ ഏറെ ജനപ്രിയമായ ഈ സിനിമാ ശൈലിയിലുള്ള പ്രയോഗം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്തു
അർജന്റീന ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിലാണ് മെസ്സി പുതിയ ചരിത്രം കുറിച്ചത്.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ മെദീനയുടെ അസിസ്റ്റിൽ ബോക്സിനകത്തു നിന്ന് ഗോൾ നേടിയതോടെ, ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പ് ഗോൾ റെക്കോർഡ് മെസ്സി മറികടന്നു.
കളി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ മെസ്സി തന്റെ രണ്ടാം ഗോളും നേടി അർജന്റീനയുടെ വിജയം ഉറപ്പിച്ചു.
കമന്റ് ബോക്സ് കീഴടക്കി മലയാളി ആരാധകർ
ഫിഫയുടെ മലയാളം പോസ്റ്റിനു താഴെ നിമിഷങ്ങൾക്കകം തന്നെ മലയാളി ആരാധകരുടെ രസകരമായ കമന്റുകൾ നിറഞ്ഞു.
“ഒരു മലപ്പുറത്തുകാരൻ അഡ്മിൻ അല്ലേ ഈ പേജ് കൈകാര്യം ചെയ്യുന്നത്?”
“ഇത് ഫിഫ മഞ്ചേരിയുടെ ഔദ്യോഗിക അക്കൗണ്ട് ആണോ?”
തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകർ കമന്റ് ബോക്സ് ആഘോഷമാക്കി മാറ്റി. മലയാളം പോസ്റ്റിന് പിന്നാലെ ഫിഫ വിവിധ ഇന്ത്യൻ ഭാഷകളിലും മെസ്സിയുടെ നേട്ടം ആഘോഷിച്ചു എന്നതും ശ്രദ്ധേയമാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിൽ മെസ്സിയെ വിശേഷിപ്പിച്ചുള്ള പോസ്റ്റുകളും ഫിഫ പങ്കുവെച്ചു. ഇന്ത്യയിൽ ഫുട്ബോളിന് ശക്തമായ ആരാധകവൃന്ദമുള്ള പ്രദേശങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഫിഫയുടെ ഈ നീക്കം.
കേരളത്തോടുള്ള ഫിഫയുടെ പ്രണയം
കേരളത്തിലെ ഫുട്ബോൾ ആവേശത്തെ ഫിഫ മുൻപും രാജ്യാന്തര തലത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പ് കാലത്ത് കോഴിക്കോട് പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച മെസ്സിയുടെ ഭീമൻ കട്ടൗട്ട് ഫിഫ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. കൂടാതെ ഫൈനൽ വേദിയിലും കേരളത്തെ പ്രത്യേകം പരാമർശിച്ച സംഭവം ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് ഓർക്കുന്നത്.
മെസ്സിയുടെ ലോകകപ്പ് നേട്ടവും ഫിഫയുടെ മലയാളത്തിലുള്ള ആഘോഷവും കൂടിയായതോടെ, സാമൂഹികമാധ്യമങ്ങളിൽ കേരളത്തിലെ ഫുട്ബോൾ കമ്പം വീണ്ടും ആഗോളതലത്തിൽ ചർച്ചയായിരിക്കുകയാണ്. അർജന്റീന–മെസ്സി ആരാധകർ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

