ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ ടെലഗ്രാം ആക്സസിന് ഏർപ്പെടുത്തിയ നിയന്ത്രണത്തെ വിമർശിച്ച് ടെലഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പാവൽ ഡുറോവ്. ചോദ്യപേപ്പർ ചോർച്ച തടയാനെന്ന പേരിലുള്ള നടപടി യഥാർത്ഥ കുറ്റക്കാരെക്കാൾ സാധാരണ ഉപയോക്താക്കളെയാണ് ബാധിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ തീരുമാനത്തെക്കുറിച്ച് എക്സിലൂടെയാണ് ഡുറോവ് പ്രതികരിച്ചത്. ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം സാധാരണ ടെലഗ്രാം ഉപയോക്താക്കളെ ഒരാഴ്ച നീളുന്ന നിയന്ത്രണം ബാധിക്കുമെന്നും ചോദ്യപേപ്പർ ചോർത്തിയവരെ ഇത് തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ലീക്കുകൾ മറ്റ് ആപ്പുകളിലേക്ക് മാറുകയാണെങ്കിൽ നിയന്ത്രണം ഫലപ്രദമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21നാണ് നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ടെലഗ്രാമിന്റെ ആക്സസ് ജൂൺ 22 വരെ നിയന്ത്രിക്കാൻ ഐ.ടി മന്ത്രാലയം ഉത്തരവിട്ടെന്നാണ് റിപ്പോർട്ട്. മുമ്പ് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച ടെലഗ്രാം വഴിയാണെന്ന ആരോപണവും വ്യാജ ചോദ്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആശങ്കയും പരിഗണിച്ചാണ് തീരുമാനം.
ചോദ്യപേപ്പർ ചോർച്ചയുടെ വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ടെലഗ്രാമിലെ സന്ദേശങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയുന്ന സൗകര്യം ഉപയോഗിക്കപ്പെട്ടതായി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചില ഫീച്ചറുകൾ ജൂൺ 30 വരെ നിയന്ത്രിക്കുന്നതും പരിഗണനയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഇത്തരം നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തെയും സാധാരണ ഡിജിറ്റൽ ഉപഭോക്താക്കളുടെ ആശയവിനിമയത്തെയും ബാധിക്കുമെന്ന വിമർശനം ശക്തമാണ്. പരീക്ഷാ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെങ്കിലും അതിന്റെ പേരിൽ വ്യാപകമായ പ്ലാറ്റ്‌ഫോം നിയന്ത്രണം ഏർപ്പെടുത്തുന്നത് സാങ്കേതികമായും നയപരമായും ചോദ്യങ്ങൾ ഉയർത്തുന്നു.

