തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികളെയും യുവജനങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക മേഖലകളിലെ ലോകോത്തര നൈപുണ്യങ്ങളിലേക്ക് എത്തിക്കാൻ ‘സ്കിൽ കേരള — ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് എമർജിംഗ് ടെക്നോളജീസ്’ പദ്ധതിക്ക് തുടക്കമാകുന്നു.
കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. ജൂൺ 17ന് വൈകിട്ട് 4.30 മുതൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് ഔദ്യോഗിക ഉദ്ഘാടനം. വ്യവസായം, ഐടി, സ്റ്റാർട്ടപ്പുകൾ, എഐ വകുപ്പുകളുടെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിശിഷ്ടാതിഥിയായിരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ വലിയതോതിലുള്ള പരിശീലന അവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ യുവതലമുറയെ തൊഴിൽസജ്ജരാക്കാനും രാജ്യാന്തര നിലവാരത്തിലുള്ള കഴിവുകൾ വികസിപ്പിക്കാനുമാണ് ശ്രമം.
ഗൂഗിൾ ഫോർ ഡെവലപ്പേഴ്സ്, മോംഗോഡിബി, ഇന്റൽ, ഇൻഫോസിസ് സ്പ്രിങ്ബോർഡ്, നാസ്കോം ഫ്യൂച്ചർസ്കിൽസ് പ്രൈം തുടങ്ങിയ ആഗോള സാങ്കേതിക-നൈപുണ്യ സ്ഥാപനങ്ങളുമായി തന്ത്രപരമായ സഹകരണമാണ് പദ്ധതിയുടെ അടിസ്ഥാനം. പരിശീലന ഉള്ളടക്കം, സർട്ടിഫിക്കേഷൻ, സാങ്കേതിക വിഭവങ്ങൾ, വ്യവസായ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള പഠനമാർഗങ്ങൾ എന്നിവയിൽ പങ്കാളിത്തം പ്രയോജനപ്പെടുത്തും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാങ്കേതിക കമ്പനികളെയും ഒരേ വേദിയിലേക്ക് കൊണ്ടുവന്ന് വ്യവസായ-അക്കാദമിക സഹകരണം ശക്തമാക്കാനാണ് ഐസിടി അക്കാദമിയുടെ പദ്ധതി. ക്ലാസ്‌റൂം പഠനത്തിന് പുറമെ പ്രായോഗിക പദ്ധതികൾ, വ്യവസായ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനം, സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം, തൊഴിൽക്ഷമത വർധിപ്പിക്കുന്ന പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നൽകും.
എഐ സാങ്കേതികവിദ്യകൾ വിവിധ തൊഴിൽ മേഖലകളുടെ സ്വഭാവം മാറ്റുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കും പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും പുതുക്കിയ കഴിവുകൾ ആവശ്യമാണ്. ഈ മാറ്റത്തിന് കേരളത്തിലെ മനുഷ്യവിഭവശേഷിയെ തയ്യാറാക്കുകയാണ് സ്കിൽ കേരളയുടെ ലക്ഷ്യം.
പദ്ധതിയിലൂടെ എഐ, ഡേറ്റ, ക്ലൗഡ്, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാനപരവും ഉയർന്നതലത്തിലുള്ളതുമായ പഠനാവസരങ്ങൾ ഘട്ടംഘട്ടമായി ലഭ്യമാക്കും. ആഗോള കമ്പനികളുടെ പരിശീലന പ്ലാറ്റ്ഫോമുകളും പഠന വിഭവങ്ങളും കേരളത്തിലെ വിദ്യാഭ്യാസ-നൈപുണ്യ സംവിധാനവുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
നവീകരണം വേഗത്തിലാക്കുക, തൊഴിൽക്ഷമത മെച്ചപ്പെടുത്തുക, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെ പ്രതിഭാകേന്ദ്രമായി കേരളത്തെ ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ദീർഘകാല കാഴ്ചപ്പാട്. ലോകവിപണിയിലെ സാങ്കേതിക തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിലെ യുവാക്കൾക്ക് വഴിയൊരുക്കുന്ന പ്രധാന പങ്കാളിത്ത സംരംഭമായാണ് സ്കിൽ കേരളയെ വിലയിരുത്തുന്നത്.

