അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിൽ വനിതയടക്കം നാല് മലയാളികൾ വിജയികളായി. അഫ്താബ് കൊടക്കാടൻ (51), സുബൈർ അബ്ദു സുബൈർ (44), സഫ്ന പൊത്തങ്ങൽ കാദർ (26), അനീഷ് എബ്രഹാം (30) എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. ആകെ ഒരു ലക്ഷം ദിർഹത്തിന്റെ സമ്മാനത്തുകയിൽ ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് ലഭിക്കുക. ഇത് ഏകദേശം ആറര ലക്ഷം ഇന്ത്യൻ രൂപ വീതമാണ്.

റാസൽഖൈമയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ സുബൈർ അബ്ദു സുബൈർ കഴിഞ്ഞ 13 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്നു. സുഹൃത്തുക്കളുമായി ചേർന്നും ഒറ്റയ്ക്കും മുമ്പ് ടിക്കറ്റെടുത്തിരുന്നെങ്കിലും ഇത്തവണ സ്വന്തം പേരിൽ വാങ്ങിയ ടിക്കറ്റിലൂടെയാണ് ആദ്യമായി സമ്മാനം ലഭിച്ചത്. ലഭിക്കുന്ന തുക കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

ഖത്തറിലെ മലയാളി വ്യവസായിയായ അഫ്താബ് കൊടക്കാടൻ 2006 മുതൽ ഖത്തറിലാണ്. ദോഹയിൽ കുടുംബത്തോടൊപ്പം കഴിയുന്ന അദ്ദേഹം അബുദാബി വിമാനത്താവളം വഴിയുള്ള യാത്രകളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യം അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ഓൺലൈനായി ടിക്കറ്റെടുക്കുന്ന അഫ്താബ് നമ്പർ തിരഞ്ഞെടുക്കാൻ മക്കളുടെ സഹായം തേടാറുണ്ട്. സമ്മാനം ലഭിച്ചതായി അറിയിച്ച ഫോൺ വിളി ആദ്യം തട്ടിപ്പാണെന്നാണ് കരുതിയതെന്നും തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അൽ ഐനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഫ്ന പൊത്തങ്ങൽ കാദർ 21 അംഗ സുഹൃദ്‌ഗ്രൂപ്പിന്റെ ഭാഗമായി വർഷങ്ങളായി ടിക്കറ്റെടുക്കുകയായിരുന്നു. കൂട്ടായ്മയ്ക്ക് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. അപ്രതീക്ഷിത നേട്ടത്തിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുകയുടെ വിനിയോഗം പിന്നീട് തീരുമാനിക്കുമെന്നും സഫ്ന വ്യക്തമാക്കി.

യുകെയിൽ കഴിഞ്ഞ ഒരു വർഷമായി ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്ന അനീഷ് എബ്രഹാമിനും 25,000 ദിർഹമാണ് ലഭിച്ചത്. കുടുംബം കേരളത്തിലാണ്. വാർത്തകളിലൂടെയും അബുദാബി വിമാനത്താവളത്തിലെ ട്രാൻസിറ്റ് യാത്രകളിലൂടെയും ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അനീഷ്, അബുദാബിയിലെത്തുമ്പോഴും നാട്ടിലായിരിക്കുമ്പോൾ വെബ്‌സൈറ്റ് വഴിയും ടിക്കറ്റെടുക്കാറുണ്ട്. യുകെയും യുഎഇയും തമ്മിലുള്ള സമയവ്യത്യാസം കാരണം വിജയവാർത്ത അറിയിച്ച ഫോൺ വിളി എത്തിയപ്പോൾ അദ്ദേഹം ഉറക്കത്തിലായിരുന്നു. റാൻഡമായി തിരഞ്ഞെടുത്ത നമ്പറിനാണ് സമ്മാനം ലഭിച്ചത്. നിലവിലുള്ള ചില സാമ്പത്തിക ബാധ്യതകൾ തീർക്കാൻ തുക ഉപയോഗിക്കാനാണ് തീരുമാനം.

ജൂലൈ 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ മെഗാ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏകദേശം 56 കോടി ഇന്ത്യൻ രൂപ വരും. ഇതിന് പുറമെ അഞ്ച് പേർക്ക് ഒരു മില്യൻ ദിർഹം വീതം ആശ്വാസ സമ്മാനവും ലഭിക്കും. ജൂണിൽ മൂന്ന് പ്രതിവാര ഇ-ഡ്രോകൾ കൂടി നടക്കും. ഓരോ നറുക്കെടുപ്പിലും നാല് പേർക്ക് 25,000 ദിർഹം വീതം നേടാനുള്ള അവസരമുണ്ട്. ടിക്കറ്റുകൾ ഓൺലൈനായോ അബുദാബി, അൽ ഐൻ കൗണ്ടറുകളിലൂടെയോ വാങ്ങാം.