ദുബായ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന തീരുമാനം യുഎഇ പ്രഖ്യാപിച്ചു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിനായാണ് പുതിയ കാബിനറ്റ് തീരുമാനം കൊണ്ടുവന്നത്.

പുതിയ വ്യവസ്ഥ പ്രകാരം 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ നിയന്ത്രിക്കാനോ അനുമതിയില്ല. പ്രസിദ്ധീകരണം, കമന്റിങ്, ഷെയറിങ്, പൊതുഗ്രൂപ്പുകളിലും ഓപ്പൺ ചാനലുകളിലും ചേരൽ തുടങ്ങിയ പൂർണ ഫീച്ചറുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കും.

കുട്ടികൾ സൃഷ്ടിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനും പ്രവർത്തനരഹിതമാക്കാനും സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ടാകും. തീരുമാനവുമായി പൊരുത്തപ്പെടാൻ പ്ലാറ്റ്‌ഫോമുകൾക്ക് 12 മാസത്തെ പരിവർത്തന കാലയളവാണ് അനുവദിച്ചിരിക്കുന്നത്.

നിയമം പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ മുന്നറിയിപ്പ്, ഭാഗികമോ പൂർണമോ ആയ ബ്ലോക്കിങ്, ബാധകമായ ഭരണപരമായ പിഴകൾ തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ യുഎഇയിലെ മാധ്യമ-ടെലികമ്മ്യൂണിക്കേഷൻ നിയന്ത്രണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടാകും.

ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ പുതിയ നടപടി.