ദുബായ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനും ഉപയോഗിക്കാനും വിലക്ക് ഏർപ്പെടുത്തിയ യുഎഇ നിയമം നടപ്പാക്കുന്നതിനുള്ള പ്രായ പരിശോധനാ സംവിധാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നു. കുട്ടികൾ സൃഷ്ടിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കേണ്ടത് സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാകും.

പുതിയ തീരുമാനം പ്രകാരം 15 വയസ്സിന് താഴെയുള്ളവർക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാനോ പ്ലാറ്റ്‌ഫോമുകളുടെ പൂർണ ഫീച്ചറുകൾ ഉപയോഗിക്കാനോ പാടില്ല. ഇത്തരം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യണം.

15നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കാം. എന്നാൽ അവരുടെ അക്കൗണ്ടുകളിൽ കൂടുതൽ ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളും സംരക്ഷണ ക്രമീകരണങ്ങളും ഉണ്ടായിരിക്കണം. രക്ഷിതാക്കൾക്ക് ചില അക്കൗണ്ട് ക്രമീകരണങ്ങൾ നിയന്ത്രിക്കാനാകുമെങ്കിലും മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയില്ല.

നിലവിൽ പല പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കൾ സ്വയം പ്രായം രേഖപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ നിയമത്തിൽ ഇത് മതിയായ രീതിയല്ല. കുട്ടിയുടെ ഡിജിറ്റൽ തിരിച്ചറിയൽ വിശ്വാസ്യതയോടെ പരിശോധിക്കുന്ന പ്രായ പരിശോധനാ സംവിധാനങ്ങൾ പ്ലാറ്റ്‌ഫോമുകൾ നടപ്പാക്കണം.

ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ അംഗീകരിക്കുന്ന എഐ സഹായിത സാങ്കേതികവിദ്യകൾ, ബയോമെട്രിക് ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റു വിശ്വാസ്യതയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാം. കുട്ടികളുടെ സ്വകാര്യതയും വ്യക്തിഗത ഡാറ്റ സംരക്ഷണവും ഉറപ്പാക്കുന്ന ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കണം.

കുട്ടികളുടെ ഡാറ്റ വ്യക്തിഗത പരസ്യങ്ങൾക്കായി ഉപയോഗിക്കാനോ പെരുമാറ്റപ്രൊഫൈലിങ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിങ് നടത്താനോ അനുമതിയില്ല. നിയമം നടപ്പാക്കുന്നതിൽ നാഷണൽ മീഡിയ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും മേൽനോട്ടം വഹിക്കും.